അഹമ്മദാബാദ്: ഗുജറാത്തിൽ 5,400 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയിൽവേ, റോഡുകൾ, ഭവനനിർമാണം, നഗര അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അഹമ്മദാബാദിൽ നടന്ന പരിപാടിയിലാണ് ഉദ്ഘാടനചടങ്ങ് നടന്നത്.
1,400 കോടിയിലധികം രൂപയുടെ റെയിൽവേ പദ്ധതിയാണ് ഇതിൽ പ്രധാനം. 65 കിലോമീറ്റർ ദൈർഘ്യമുള്ള മഹേസന-പാലൻപൂർ റെയിൽവേപാത ഇരട്ടിപ്പിക്കലും ഇതിന്റെ ഭാഗമായി നടക്കും. 37 കിലോമീറ്റർ ദൈർഘ്യമുള്ള കലോൽ- കാഡി- കറ്റോസൻ റോഡിന്റെ നവീകരണവും 40 കിലോമീറ്റർ നീളമുള്ള ബെച്രാജി- രാണുജ് റെയിൽപാത എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 860 കോടി രൂപയാണ് ഇതിന്റെ പദ്ധതിചെലവ്. ഈ പദ്ധതികൾ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുകയും ചരക്ക് നീക്കം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
കറ്റോസൻ റോഡിനും സബർമതിക്കും ഇടയിലുള്ള പാസഞ്ചർ ട്രെയിനും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആരാധനാലയങ്ങളിലേക്കും പ്രാദേശിക വിപണികളിലേക്കുമുള്ള പ്രവേശനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രെയിൻ സർവീസ് ആരംഭിച്ചത്.
ഗതാഗതകുരുക്ക് കുറയ്‌ക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി നിരവധി റോഡ് ഗതാഗത പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. അഹമ്മദാബാദ്- മെഹ്സാന റോഡിൽ ആറുവരി വാഹന അടിപ്പാതകളും അഹമ്മദാബാദ്- വിരാംഗം റോഡിൽ റെയിൽവേ മേൽപ്പാലവും ഇതിൽ ഉൾപ്പെടുന്നുണ്ട്.















