ന്യൂഡൽഹി: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സുരക്ഷ വർദ്ധിപ്പിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ പരിപാടിയിലും 40-ലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് രണ്ട് തവണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്യും.
മുഖ്യമന്ത്രിക്കായി ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പൊതുപരിപാടിയിലും പരിശോധനകൾ ശക്തമാക്കാനാണ് ശുപാർശ. ഇത്തരത്തിൽ സുരക്ഷാവീഴ്ച ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഓരോ സന്ദർശകനെയും കൃത്യമായി പരിശോധിക്കും. പരിപാടി നടക്കുന്ന സ്ഥലത്ത് പ്രവേശിക്കുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തുന്നത്. മുഖ്യമന്ത്രിക്ക് ഇനി രണ്ട് സർക്കിളുകളുള്ള സുരക്ഷാവലയം ഉണ്ടായിരിക്കും. പൂർണമായും ഡൽഹി പൊലീസായിരിക്കും നിയന്ത്രിക്കുക. മുഖ്യമന്ത്രി പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങുകളിൽ പോലും കർശന സുരക്ഷയായിരിക്കും ഒരുക്കുന്നത്. വിവാഹനിശ്ചയ വേളകളിൽ ഉൾപ്പെടെ പൊതുജനങ്ങളുടെ പ്രവേശനം, ദേഹപരിശോധന, ജനക്കൂട്ട നിയന്ത്രണം എന്നിവയ്‌ക്ക് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മേൽനോട്ടം വഹിക്കും.
ഓഗസ്റ്റ് 20-ന് നടന്ന ജൻ സൺവായ് എന്ന പൊതുപരിപാടിക്കിടെയാണ് രേഖ ഗുപ്തയ്‌ക്ക് നേരെ ആക്രമണമുണ്ടായത്. ഗുജറാത്ത് സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവർ രാജേഷ്ഭായിയാണ് പരിപാടിക്കിടെ മുഖ്യമന്ത്രിയെ ആക്രമിച്ചത്. ഇയാളെ സ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.















