ന്യൂഡൽഹി: ഭാരതത്തിന്റെ പ്രതിരോധമേഖല ശക്തമാക്കുന്നതിനായി നാവികസേനയുടെ രണ്ട് പടക്കപ്പലുകളായ ഉദയഗിരിയും ഹിമഗിരിയും കമ്മീഷൻ ചെയ്തു. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നിർമിച്ച യുദ്ധക്കപ്പലുകളാണ് നാവികസേന സ്വന്തമാക്കിയിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് നാവികസേനയ്‌ക്ക് വേണ്ടി യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്തത്.
രണ്ട് വ്യത്യസ്ത കപ്പൽനിർമാണ ശാലകളിൽ നിർമിച്ച അത്യാധുനിക യുദ്ധക്കപ്പലുകളാണ് ഹിമഗിരിയും ഉദയ്ഗിരിയും. ഇതാദ്യമായാണ് രണ്ട് വ്യത്യസ്ത കപ്പൽ നിർമാണശാലയിൽ നിർമിച്ച കപ്പലുകൾ ഒരുമിച്ച് കമ്മീഷൻ ചെയ്യുന്നത്. പ്രോജക്റ്റ് 17 ആൽഫയുടെ (P-17A) ഭാഗമായി മുംബൈയിലെ മസഗോൺ കപ്പൽശാലയിലാണ് ഉദയഗിരി നിർമിച്ചത്. നാവികസേനയുടെ യുദ്ധക്കപ്പൽ ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത 100-ാമത്തെ കപ്പലാണിത്.
കൊൽക്കത്തയിലെ കപ്പൽശാലയിലാണ് ഐഎൻഎസ് ഹിമഗിരി ഒരുങ്ങിയത്. കൊൽക്കത്ത ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (ജിആർഎസ്ഇ) നിർമ്മിക്കുന്ന പി-17എ കപ്പലുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് ഹിമഗിരി. മെയ്‌ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് യുദ്ധകപ്പലുകളുടെ നിർമാണം.
സൂപ്പർസോണിക് സർഫേസ്-ടു-സർഫേസ് മിസൈലുകൾ, മീഡിയം-റേഞ്ച് സർഫേസ്-ടു-എയർ മിസൈലുകൾ, 76 എംഎം എംആർ ഗൺ, ആന്റി-സബ്മറൈൻ/അണ്ടർവാട്ടർ ആയുധ സംവിധാനങ്ങൾ എന്നിവ യുദ്ധക്കപ്പലിന്റെ ഭാഗമായിരിക്കും.















