വാഷിംഗ്ടൺ: രാജ്യത്തിന്റെ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പ് എന്ന് പുനർനാമകരണം ചെയ്യാനുള്ള നീക്കവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. പ്രതിരോധത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും ഇടയ്‌ക്കിടയ്‌ക്ക് ആക്രമണവും വേണമെന്നും ഡോണാൾഡ് ട്രംപ് പറഞ്ഞു. സൗത്ത് കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു ട്രംപ്.
“പ്രതിരോധ വകുപ്പ് എന്ന പേര് അത്ര നല്ലതായി എനിക്ക് തോന്നുന്നില്ല. മുമ്പ് ഈ വകുപ്പിനെ യുദ്ധവകുപ്പ് എന്നാണ് വിളിച്ചിരുന്നത്. പ്രതിരോധ വകുപ്പിനെ പഴയതുപോലെ മാറ്റാൻ ആഗ്രഹിക്കുന്നു. നമ്മൾ എപ്പാേഴും യുദ്ധങ്ങൾ ജയിച്ചിരുന്നു. അതുകൊണ്ട് തന്നെ തന്റെ തീരുമാനം ഉടൻ നടപ്പിലാക്കുമെന്നും” ഡോണാൾഡ് ട്രംപ് പറഞ്ഞു.
ഒരാഴ്ചയ്‌ക്കുള്ളിൽ പ്രതിരോധ വകുപ്പിനെ യുദ്ധ വകുപ്പായി പുനർനാമകരണം ചെയ്യും. പഴയപേര് അമേരിക്കയുടെ സൈനിക ശക്തി എടുത്തുകാണിക്കുന്നു. ഒന്നാം ലോകയുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും യുഎസ് വിജയിച്ചപ്പോൾ പ്രതിരോധ വകുപ്പിനെ യുദ്ധവകുപ്പ് എന്നാണ് വിളിച്ചിരുന്നത്. ശരിക്കും അതിനെ അങ്ങനെ തന്നെയാണ് വിളിക്കേണ്ടതെന്നും ട്രംപ് പറഞ്ഞു.
1789 -1947 കാലത്ത് യുദ്ധവകുപ്പ് എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് പ്രസിഡന്റായി അധികാരമേറ്റ ഹാരി ട്രൂമാൻ ഇതിന്റെ പേര് മാറ്റുകയായിരുന്നു.















