ശ്രീനഗർ : ജമ്മുകശ്മീരിൽ അതിശക്തമായ മഴ. ജമ്മുവിലെ ബിക്രം ചൗക്കിന് സമീപമുള്ള തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇതാദ്യമായാണ് ജമ്മുവിൽ ഇത്ര കനത്ത മഴ അനുഭവപ്പെടുന്നത്. കനത്ത മഴയിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
കഴിഞ്ഞ ദിവസം രാത്രി മുതൽ ജമ്മുകശ്മീരിന്റെ വിവിധ മേഖലകളിൽ റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി താത്ക്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു. ദോഡയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിച്ചിരുന്നു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ജമ്മുവിൽ കനത്ത മഴയെ തുടർന്ന് നദികൾ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിൽ പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മുവിലെ വിവിധ നദികളിലെയും അരുവികളിലെയും ജലനിരപ്പ് ഉയർന്നു. നദിയുടെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ജമ്മു ഡിവിഷനിൽ അടുത്ത 40 മണിക്കൂറിനുള്ളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ബസന്തർ, താവി, ചെനാബ് നദികളിലെ ജലനിരപ്പ് ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചെനാബ് നദിയിലെയും രവി നദിയിലെയും ജലനിരപ്പ് അപകടമാകും വിധം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വെള്ളപ്പൊക്ക സാധ്യതയെ കുറിച്ച് ഇന്ത്യ പാകിസ്ഥാന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.















