ന്യൂഡൽഹി: ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ശ്രമിച്ചിരുന്നതായി റിപ്പോർട്ട്. നാല് തവണ ചർച്ച നടത്താൻ ശ്രമിച്ചെങ്കിലും പ്രധാനമന്ത്രി വിസമ്മതിക്കുകയായിരുന്നു എന്നാണ് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വാർത്തയോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ട്രംപ് ഫോണിലൂടെയാണ് മോദിയുമായി സംസാരിക്കാൻ ശ്രമിച്ചതെന്നാണ് വിവരം.
റഷ്യയിൽ നിന്ന് തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ പ്രതികാരനടപടിയായാണ് യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ 50 ശതമാനം വർദ്ധിപ്പിച്ചത്. ഈ സമയത്തും പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ട്രംപ് ശ്രമിച്ചിരുന്നു. ഓഗസ്റ്റ് 10-ന് ‘ഇന്ത്യ ഒരു മോശം സമ്പദ് വ്യവസ്ഥ’എന്ന് ട്രംപ് പരാമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന് ഏതാനും ദിവസങ്ങൾക്ക് പിന്നാലെ തീരുവ ഉയർത്തുകയായിരുന്നു.
യുഎസിന്റെ നിലപാടിനെതിരെ ശക്തമായാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ഇന്ത്യ എന്നും രാജ്യതാത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നന്ന് മോദി വ്യക്തമാക്കി. യുഎസിന്റെ സമ്മർദ്ദത്തിന് മേൽ ഭയപ്പെടില്ലെന്നും അതിന് ആവശ്യമായ തക്കതായ പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.















