കൊച്ചി: ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച സംഭവത്തിൽ നടി ലക്ഷ്മി മേനോന്റെ മൊഴിയെടുക്കും. ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. യുവാവിനെ തട്ടിക്കൊണ്ടു പോയ കാറിൽ ലക്ഷ്മി മേനോൻ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. രണ്ട് സംഘങ്ങൾ തമ്മിൽ ബാറിലുണ്ടായ തർക്കമാണ് തട്ടിക്കൊണ്ടു പോകലിൽ എത്തിയത്. ഐടി ജീവനക്കാരനായ യുവാവിന്റെ സംഘത്തിന് ഒപ്പം ഉണ്ടായിരുന്നു തായ്‌ലൻഡ് സ്വദേശിനിയുമായി നടിയുടെ സംഘത്തിൽ ഉണ്ടായിരുന്നവർ അടുത്ത് ഇടപഴകിയതാണ് പ്രശ്നത്തിന്റെ തുടക്കം. ഇരു സംഘങ്ങളും തമ്മിൽ ബാറിനകത്തും പുറത്തും വച്ച് ഏറ്റുമുട്ടി. പിന്നാലെ നടിയുടെ സംഘം യുവാവിനെ കാറിൽ ബലമായി പിടിച്ചു കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു.
നടി കാറിൽ ഉണ്ടായിരുന്നുവെന്നും ആലുവയിലാണ് അവർ ഇറങ്ങിയതെന്നും പൊലീസ് പറഞ്ഞു. നടിക്ക് സംഭവമായുള്ള ബന്ധമാണ് പൊലീസ് പരിശോധിക്കുന്നത്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും പ്രതിചേർക്കുന്ന കാര്യം തീരുമാനിക്കുക.















