പാലക്കാട്: വാര്യർ ബോംബ് നനഞ്ഞ പടക്കമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ സി. കൃഷ്ണകുമാർ. വസ്തു തർക്കത്തെ തുടർന്ന് ഭാര്യയുടെ സഹോദരിയാണ് വ്യാജ പരാതി നൽകിയത്. 2015 ലെ ആരോപണം പൊലീസും കോടതിയും തള്ളിയതാണെന്നും പാലക്കാട് നടത്തിയ വാർത്ത സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി..
‘ 2010ൽ അന്യമതസ്ഥനായ യുവാവിനെ വിവാഹം കഴിച്ചു ഭാര്യ സഹോദരി എറണാകുളത്ത് താമസമാക്കിയിരുന്നു. ഭാര്യയുടെ പിതാവ് ഡയാലിസിന് കോയമ്പത്തൂരിൽ അഡ്മിറ്റ് ചെയ്തിരുന്ന സമയത്ത് അദ്ദേഹം താമസിച്ചിരുന്ന വീട്ടിൽ കയറി ഭാര്യ സഹോദരി അലമാരകൾ പരിശോധിക്കുകയും തന്റെ ഭാര്യക്ക് അനുകൂലമായി എഴുതിയിരിക്കുന്ന വിൽ കാണുകയും ചെയ്തു. അക്രമസക്തയായ അവർ അന്ന് തന്നെ വീട്ടിൽ വന്ന് പ്രശ്നമുണ്ടാക്കി. പിന്നീട് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്ന സമയത്ത് അവർ അച്ഛനെ ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ അച്ഛൻ ആക്രമിച്ചെന്ന് പറഞ്ഞ് അവർ പൊലീസിൽ പരാതി നൽകി. കൂടെ കേസിൽ ബലം കിട്ടാനായി എനിക്കെതിരെ വ്യാജ പീഡന പരാതിയും നൽകി. ഈ കേസ് പൊലീസ് വിശദമായാണ് അന്വേഷിച്ചത്. ഭാര്യ പിതാവ് ജഡ്ജിയുടെ ചേമ്പറിൽ പോയാണ് സ്റ്റേറ്റ്മെന്റ് നൽകിയത്. അച്ഛന്റെ മൊഴി ജഡ്ജിക്ക് ബോധ്യപ്പെടുകയും കോടതി എനിക്ക് അനുകൂലമായി ഉത്തരവിടുകയുമായിരുന്നു. 2020 ജൂലൈ 24 ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതെന്നും സി. കൃഷ്ണകുമാർ വിശദീകരിച്ചു.
വസ്തുതർക്കത്തെ പീഡന പരാതിയാക്കി മാറ്റാനുള്ള ഗൂഢാലോചന 2015 ൽ തന്നെ കോൺഗ്രസ്- സിപിഎം നേതാക്കൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പല ഘട്ടങ്ങളിൽ ഇത്തരം ഒരു പരാതി കുത്തിപ്പൊക്കുന്നത്. ഭാര്യ സഹോദരി സി. കൃഷ്ണകുമാറിനെതിരെ ബിജെപി നേതാക്കൾക്കും പരാതി നൽകിയിരുന്നു. വിഷയം ഗൗരവമായി പരിശോധിക്കുകയും സംഘടനാ തല അന്വേഷണത്തിൽ കൃഷ്ണകുമാർ കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നനഞ്ഞ പടക്കവുമായുള്ള കോൺഗ്രസ് നേതാക്കളുടെ നിലവിലെ രംഗപ്രവേശം. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവാണ് ബോംബ് പൊട്ടിക്കാനുണ്ടെന്ന് വീരവാദം മുഴക്കിയത്. നനഞ്ഞ് ബോംബിന് പിന്നിൽ പ്രവർത്തിച്ചത് ബിജെപി വിട്ട് കോൺഗ്രസ് പാളയത്തിൽ ചേക്കേറിയ സന്ദീപ് വാര്യർ ആണെന്നാണ് വിവരം.















