കോഴിക്കോട്: ക്യാൻസർ ബാധിതയായ യുവതിയുടെ മരണത്തിൽ അക്യുപങ്ചർ ചികിത്സകർക്കെതിരെ പരാതിയുമായി കുടുംബം. കുറ്റ്യാടി അടുക്കത്ത് വാഴയിൽ ഹാജിറയുടെ ബന്ധുക്കളാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ക്യാൻസർ തിരിച്ചറിഞ്ഞിട്ടും അക്യുപങ്ചർ ചികിത്സ തുടർന്നുവെന്നും വെള്ളവും ഈന്തപ്പഴവും മാത്രം കഴിച്ചാൽ മതിയെന്ന് നിർദ്ദേശിച്ചുവെന്നും ബന്ധു പറഞ്ഞു.
കുറ്റ്യടിയിലെ ഫെമിന എന്ന അക്യുപങ്ചറിസ്റ്റിനെതിരെയാണ് ഗൗരവമായ ആരോപണം ഉയരുന്നത്. കഴിഞ്ഞ ഞായറാഴ്ചാണ് ഹാജിറ സ്താനർബുദത്തെ തുടർന്ന് മരിച്ചത്. ഒരു വർഷം മുൻപാണ് ഇവർക്ക് രോഗം കണ്ടെത്തിയത്. സ്തനത്തിൽ മാലിന്യം അടിഞ്ഞു കൂടിയതാണെന്നും അക്യുപങ്ചറിലൂടെ ഇത് പുറത്തേക്ക് തള്ളാമെന്നുമാണ് ഫെമിന ഹാജിറയെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവിൽ രോഗം മൂർച്ചിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിയുന്നത്. പിന്നീട് അലോപ്പതി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് ഹാജിറ. യുവതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
ഹാജിറയ്‌ക്ക് ക്യാൻസറുണ്ടെന്ന് അവസാന ഘട്ടത്തിലാണ് അറിഞ്ഞതെന്ന് ബന്ധു പറഞ്ഞു. കുറ്റ്യാടിലെ ഫെമിന എന്ന അക്യൂപങ്ചറിസ്റ്റാണ് കാരണക്കാരി. ഇവരുടെ അടുത്താണ് ആരെയും അറിയിക്കാതെ ഹാജിറ ചികിത്സ തേടിയത്. അലോപ്പതി ഡോക്ടറുടെ അടുത്ത് പോയാൽ കീറി മുറിക്കുമെന്നും ഒരിക്കലും രോഗം മാറില്ലെന്നും ഫെമിന പറഞ്ഞു വിശ്വസിപ്പിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഫെമിന കോഴിക്കോടുള്ള മറ്റൊരു അക്യൂപങ്ചർ ചികിത്സകനായ ഷുഹൈബ് റിയാലുവിന്റെ അടുത്ത് ഹാജിറയെ പറഞ്ഞയച്ചു. പിന്നീട് കുറേ കാലം അയാളാണ് ഹാജിറയെ ചികിത്സിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അശാസ്ത്രീയ ചികിത്സയുടെ പ്രചാരകനാണ് ഷുഹൈബ് റിയാലു. ഇയാളുടെ യൂട്യൂബ് ചാനലിൽ ശസ്ത്രക്രിയയ്‌ക്കെതിരായ നിരവധി വീഡിയോകളുണ്ട്.















