പാലക്കാട്: വ്യാജവാർത്തകൾ നൽകുന്ന മീഡിയവൺ ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാർ. പ്രതിപക്ഷനേതാവിന്റെ ശരീര ഭാഷയോക്കെ കണ്ടപ്പോൾ വലിയ ആറ്റംബോംബ് പൊട്ടിക്കും എന്നാണ് വിചാരിച്ചത്. 2015ലും 2020 പൊട്ടിച്ച് പൊട്ടാതെ പോയ നനഞ്ഞ പടക്കമാണിത്. പ്രതിപക്ഷനേതാവിന് സന്ദീപ് വാര്യറെ കുറിച്ചു വ്യക്തമായി അറിയില്ല. അതുകൊണ്ടാണ് ഇദ്ദേഹത്തിന്റെ വാക്ക് കേട്ട് സതീശൻ വലിയ കുഴിയിൽ വീണത്.
മുമ്പ് പാർട്ടിക്കുള്ളിൽ നിന്നും ഇത്തരം പ്രവർത്തനം ചെയ്തയാൾ ഇപ്പോൾ കോൺഗ്രസിൽ നിന്നും ചെയ്യുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. മുൻപ് പണം നൽകി പരാതികാരിയെ കൊണ്ട് ഇയാൾ എനിക്കെതിരെ നോമിനേഷൻ കൊടുപ്പിച്ചിട്ടുണ്ട്. പത്രസമ്മേളനവും നടത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെ കൊണ്ട് കോൺഗ്രസ് അനുഭവിക്കാൻ പോകുന്നതേയുള്ളൂ. പാർട്ടിക്കകത്ത് നിന്നുള്ള ചതിയൻ ചന്തുവാണ്. ആദ്യത്തെ ചതി പറ്റിയത് വി. ഡി സതീശനാണ്.
എല്ലാം അഞ്ച് വർഷം കൂടുമ്പോഴും ഇത്തരം ആരോപണം വരാറുണ്ട്. ഇതിൽ വാസ്തവമില്ലെന്ന് പാലക്കാട്ടുകാർക്ക് അറിയാം. പരാതിയിൽ യാഥാർത്ഥ്യമില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളിക്കളഞ്ഞ കേസാണിത്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ച് വിടാനുള്ള ശ്രമമാണിത്. കോൺഗ്രസ് ഇനിയും എന്ത് പടക്കം പൊട്ടിച്ചാലും പാലക്കാട് സമരരംഗത്ത് മുന്നണി പോരാളിയായി താനുണ്ടാകും. എന്റെ മടിയിൽ കനമില്ല, അതിനാൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വ്യാജ വാർത്തകൾ നൽകിയ മീഡിയ വൺ ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും മുൻവിധിയോടെ പ്ലാൻ ചെയ്താണ് മീഡിയ വൺ വാർത്ത നൽകിയതെന്നും സി. കൃഷ്ണകുമാർ ജനം ടിവിയോട് പറഞ്ഞു.















