കൊച്ചി: വാടക വീട്ടിൽ 26 നായ്‌ക്കൾക്കൊപ്പം നാലാം ക്ലാസുകാരനായ മകനെ ഉപേക്ഷിച്ച് യുവാവ് നാടുവിട്ടു. എറണാകുളം തൃപ്പൂണിത്തുറയിലാണ് ക്രൂരമായ സംഭവം നടന്നത്. ഒമ്പതുവയസുകാരനെ പൊലീസ് എത്തിയാണ് രക്ഷിച്ചത്. ഞായറാഴ്ചയാണ് പുലർച്ചെയാണ് യുവാവ് നാടുവിട്ടത്.
മാസങ്ങൾക്ക് മുൻപാണ് സുധീഷ് എസ്. കുമാർ എന്നയാൾ മകനോടൊപ്പം എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ താമസം ആരംഭിച്ചത്. പിന്നീട് ഇയാൾ മുന്തിയ ഇനം നായ്‌ക്കളെ വിൽക്കുന്ന ബിസിനസ് ഇവിടെ ആരംഭിച്ചു. നായ്‌ക്കളുടെ ബഹളം കൊണ്ട് പൊറുതി മുട്ടിയ പ്രദേശവാസികൾ നഗരസഭയ്ക്ക് പരാതി നൽകി. തുടർന്ന് കഴിഞ്ഞ ദിവസം നഗരസഭ സുധീഷിന് നോട്ടീസ് നൽകി.
പിന്നാലെയാണ് ഇയാൾ മകനെ നായ്ക്കൾക്കൊപ്പം ഉപേക്ഷിച്ച് നാടുവിട്ടത്. ഒരു പകൽ മുഴുവൻ അച്ഛൻ വരുമെന്ന പ്രതീക്ഷയിൽ കുട്ടി നായകൾക്കൊപ്പം കഴിഞ്ഞു. രാത്രിയായിട്ടും കാണാതായതോടെ ജർമ്മനിയിൽ ജോലി ചെയ്യുന്ന അമ്മയെ വിവരം അറിയിച്ചു. തുടർന്ന് അമ്മ പൊലീസിന്റെ സഹായം തേടുകയായിരുന്നു. കുട്ടിയെ പൊലീസ് യുവതിയുടെ മാതാപിതാക്കളുടെ അടുത്തെത്തിച്ചു.
യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മൂന്ന് ദിവസമായി പട്ടിണിയിലായിരുന്ന നായ്‌ക്കളെ സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവെൽറ്റി ടു അനിമൽസ് (എസ്പിസിഎ) പ്രവർത്തകർ ഏറ്റെടുത്തു. 30,000 രൂപ മുതൽ 50,000 രൂപ വരെയാണ് ഓരോ നായയുടെയും വില. നായ്‌ക്കളെ ഉപേക്ഷിച്ച യുവാവിനെതിരെ പരാതി നൽകുമെന്ന് എസ്പിസിഎ ജില്ലാ സെക്രട്ടറി ടി.കെ. സജീവ് പറഞ്ഞു















