ന്യൂഡൽഹി: ഇസ്രയേൽ യുദ്ധം അവസാനിപ്പിച്ചാൽ ഉടൻ തന്നെ ഗാസയിൽ പുനർനിർമാണം സംബന്ധിച്ച സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് യുഎസ് പ്രതിനിതി സ്റ്റീവ് വിറ്റ്കൊഫ്. ഡോണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷമായിരുന്നു വിറ്റ് കോഫിന്റെ പ്രതികരണം. ഗാസയിൽ നിന്ന് ഹമാസിനെ ഒഴിവാക്കാനുള്ള ഇസ്രയേൽ സൈനിക നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അമേരിക്കയിൽ യോഗം നടന്നത്.
യോഗത്തിൽ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയറും പങ്കെടുത്തു. പലസ്തീന്റെ സാമ്പത്തിക വികസന ലക്ഷ്യത്തോടെ നിരവധി പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ടോണി ബ്ലയർ.
അധികം വൈകാതെ തന്നെ ഇസ്രയേലിന്റെ സൈനിക നടപടി ഗാസയിൽ പൂർത്തിയാകുകയും ഗാസയിൽ നിന്നും ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയും ചെയ്യും. ഇതിന് പിന്നാലെ തന്നെ പുനർനിർമാണം ആരംഭിക്കുമെന്നാണ് വിവരം. ഇക്കാര്യത്തിൽ വിവിധ തരത്തിലുള്ള നടപടികളുടെ ഭാഗമായുള്ള നീക്കങ്ങളും നടന്നിരുന്നു.
മൂന്ന് ഘട്ടമായുള്ള ഗാസയുടെ വെടിനിർത്തൽ ധാരണയിൽ മൂന്നാം ഘട്ടത്തിലാണ് ഗാസയുടെ പുനർനിർമാണം നടക്കുന്നത്. യോഗം നടക്കുമെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചിരുന്നു. യോഗത്തിന് ശേഷമാണ് ഇത്തരമൊരു പ്രഖ്യാപനം വന്നിരിക്കുന്നത്.















