മുംബൈ: നിയമവിരുദ്ധമായി നിർമിച്ച കെട്ടിടം തകർന്നുവീണ് 15 പേർ മരിച്ചു. മഹാരാഷ്‌ട്രയിലെ വിരാറിലാണ് സംഭവം. നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിരക്ഷാസേനകളും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആറ് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഏഴ് പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്.
അനധികൃതമായി കെട്ടിടം നിർമിച്ചതിന് കെട്ടിടയുടമയായ നിതൽ ഗോപിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശീയ ദുരന്തനിവാരണ സംഘങ്ങളും അവശിഷ്ടങ്ങൾ മാറ്റി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. തിരക്കേറിയ സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ഏറെ സങ്കീർണമാണ്. രക്ഷപ്പെടുത്തിയവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
മുൻകരുതലുകളുടെ ഭാഗമായി സമീപപ്രദേശത്തെ ആളുകളെയും സ്ഥലത്ത് നിന്ന് മാറ്റി. കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കൂടുതൽ എൻഡിആർഎഫ് ടീമിനെ സ്ഥലത്ത് വിന്യസിച്ചു.















