കോട്ടയം: ശബരിമലഅയ്യപ്പ സംഗമത്തിന്റെ പേരിൽ വീണ്ടും യുവതി പ്രവേശനത്തിന് ‘സംസ്ഥാന സർക്കാർ കളമൊരുക്കുകയാണെന്ന് സംശയമുണ്ടെന്ന് ബിജെപി നേതാവ് എൻ. ഹരി. അയ്യപ്പസംഗമത്തിൽ പങ്കെടുപ്പിക്കണമെന്നും ശബരിമല ദർശനത്തിന് അനുമതി നൽകണമെന്നും അഭ്യർത്ഥിച്ചുള്ള ബിന്ദു അമ്മിണിയുടെതായി പുറത്തുവന്ന കത്ത് അയ്യപ്പഭക്തരുടെ മനസിൽ തീ കോരി ഇടുന്നതാണെന്നും എൻ ഹരി പറഞ്ഞു.
അയ്യപ്പസംഗമത്തിന്റെ മറവിൽ സർക്കാർ വീണ്ടും ശബരിമലയിൽ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാൻ ഒരുങ്ങുകയാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ തകർക്കാൻ ബിന്ദു അമ്മിണിക്കും മനീതിക്കും സർക്കാർ സുരക്ഷ ഒരുക്കിയത് മറന്നുപോയിട്ടില്ല. ആചാര സംരക്ഷണത്തിനായി അന്ന് ബിന്ദു അമ്മിണിയെ തടഞ്ഞ വിശ്വാസികളെ പൊലീസ് ക്രൂരമായി തല്ലി ചതക്കുകയായിരുന്നു. കള്ളക്കേസുകൾ എടുത്തു. ഇടതു സർക്കാരിന്റെ പൊന്നോമനകളായ പൊലീസ് ഉദ്യോഗസ്ഥരാണ് ഭീകരമായ മർദ്ദനത്തിന് നേതൃത്വം നൽകിയത്.
ശബരിമല അയ്യപ്പഭക്തരെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് പിണറായി സർക്കാർ ഉദ്ദിഷ്ടകാര്യത്തിന്റെ ഉപകാരസ്മരണ പാലിക്കുകയും ചെയ്തു. ഹിന്ദു വിശ്വാസികളെ തല്ലിച്ചതയ്‌ക്കുകയും ആരാധനാലയങ്ങൾ അവിശ്വാസികളുടെ വിളയാട്ടുകേന്ദ്രമാക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ രഹസ്യ അജണ്ട. ബിന്ദു അമ്മിണിയെയും മനീതി സംഘത്തെയും എരുമേലിയിൽ തടഞ്ഞ വിശ്വാസികൾക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ട് ഒരിക്കലും മറക്കാനാവില്ല. വിശ്വാസികളെ മൃഗങ്ങളെ പോലെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതിന്റെ മുറിപ്പാടുകൾ ഇന്നും ഹൃദയത്തിലും ശരീരത്തും മാഞ്ഞിട്ടില്ല.
ബിന്ദു അമ്മിണിയുടെ കത്ത് തീർത്തും യാദൃശ്ചികം എന്ന് കരുതാനാവില്ല. അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നത് തന്നെ ഹിന്ദു വിശ്വാസത്തെ തകർക്കാനാണെന്ന് സൂചനയുണ്ടായിരുന്നു. അത് വ്യക്തമായി മനസിലാക്കിയാണ് ബിന്ദു അമ്മിണിയെ പോലെയുള്ളവർ സർക്കാരിന് കത്തെഴുതിയതെന്ന് കരുതുന്നു. ശബരിമലയെ തൊട്ടു കളിച്ചാൽ ആ കളി തീക്കളി ആകുമെന്ന് കേരളം തെളിയിച്ചിട്ടുള്ളതാണ്. കോടാനുകോടി അയ്യപ്പഭക്തരുടെ മനസ് മുറിവേൽക്കുന്ന നടപടികളൊന്നും എടുക്കരുതെന്ന് അയ്യപ്പഭക്തൻ എന്ന നിലയിൽ അഭ്യർത്ഥിക്കുന്നുവെന്നും എൻ ഹരി പറഞ്ഞു.















