ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ ആദ്യമായി ക്രിക്കറ്റ് ലീഗ് മത്സരം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ക്രിക്കറ്റ് ലീഗ് നടന്നത്. 40,000 ത്തിലധികം പേരാണ് മത്സരം കാണാൻ എത്തിയത്. കശ്മീരിലെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരശക്തികൾക്കുള്ള ശക്തമായ മറുപടിയായിരുന്നു പുൽവാമയിലെ നൈറ്റ് ക്രിക്കറ്റ് ലീഗ്.
ജമ്മുകശ്മീരിലെ കായികമേഖലയ്‌ക്ക് പുതിയ അദ്ധ്യായം തുറന്നിടുകയാണ് ഈ മത്സരം. റോയൽ പ്രീമിയർ ലീഗിന്റെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പുൽവാമ സ്പോർട്സ് സ്റ്റേഡയത്തിലായിരുന്നു മത്സരം.
റോയൽ ഗുഡ് വിൽ, സുൽത്താൻ സ്പ്രിംഗ്സ് ബാരാമുള്ള ടീമുകൾ തമ്മിലാണ് ഉദ്ഘാടന മത്സരം നടന്നത്. കശ്മീരിൽ നിന്നുള്ള 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. കശ്മീർ താഴ്വരയിലെ യുവാക്കൾക്ക് കായികരംഗത്ത് പുതിയ വാതിൽ തുറന്നിടുകയാണ് റോയൽ പ്രീമിയർ ലീഗ്.
വെടിയൊച്ചകളും ഭീതിയും മറന്നൊരു രാത്രിയായിരുന്നു കശ്മീരിന് ഇന്നലെ. കയ്യടിയും ആർപ്പുവിളിയും നിറഞ്ഞുനിന്ന സായാഹ്നം. കൊച്ചുകുട്ടികളും മുതിർന്നവരും ഒരുപോലെ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. കശ്മീരിൽ ഒരു പകലും രാത്രിയും ക്രിക്കറ്റ് മത്സരം നടക്കുന്നത് ഇതാദ്യമാണ്. കായികത്തിന് പ്രതീക്ഷയുടെയും അവസരങ്ങളുടെയും വഴിയാകാൻ സാധിക്കുമെന്ന് ടീമംഗങ്ങൾ പ്രതികരിച്ചു.















