കോഴിക്കോട്: കുറ്റ്യാടിയില്‍ കാന്‍സര്‍ ബാധിത അക്യൂപങ്ചര്‍ ചികിത്സ നല്‍കിയതിനെക്കുറിച്ച് ഞെട്ടിക്കുന്ന ശബ്ദസന്ദേശം പുറത്ത്. ഹാജിറയും അക്യൂപങ്ചര്‍ ചികിത്സക ഫെമിനയും തമ്മിലുള്ള ഫോൺ സംഭാഷമാണ് പുറത്തുവന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്താനർബുദം മൂർച്ഛിച്ച് ഹാജറ മരിച്ചത്.
ആദ്യ സ്റ്റേജിൽ തന്നെ രോഗം കണ്ടെത്തിയിട്ടും അലോപ്പതി ചികിത്സ തേടൻ ഫെമിന അനുവദിച്ചില്ലെന്ന് മരിച്ച യുവതിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. രോഗം കൂടിയതോടെ ഫെമിന കോഴിക്കോടുള്ള മറ്റൊരു അക്യൂപങ്ചര്‍ ചികിത്സകനായ ഷുഹൈബ് റിയാലുവിന്റെ അടുത്തേക്ക് ഹാജറയെ പറഞ്ഞയച്ചു. പിന്നീട് കുറേ കാലം അയാളാണ് ഹാജറയെ ചികിത്സിച്ചത്. ഇയാളെ കുറിച്ചും ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.
സഹിക്കാന്‍ പറ്റാത്ത വേദനയെന്ന് ഹാജറ പറയുമ്പോള്‍ വേദന വരുന്നത് സുഖപ്പെടാനാണെന്ന് ഫെമിന പറയുന്നത് ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. രാവിലെയും വൈകിട്ടും പത്ത് മിനിറ്റ് വെയിൽ കൊള്ളണമെന്നും ഇവർ ഉപദേശിക്കുന്നുണ്ട്. വേദന മനസിന്റെ തോന്നലാണ്. ചികിത്സയ്‌ക്കിടെ വേദന വരുന്നത് സുഖപ്പെടാനാണ്. വലിയൊരു ടോക്സിൻ തന്നെയാണ് ആ ഭാഗത്ത് അടിഞ്ഞു കൂടിയിരിക്കുന്നത്. അവിടെ എത്തിയാൽ കീറി മുറിക്കും. പനിച്ചിട്ടോ നീരായിട്ടോ മെൻസസ് ആയിട്ടോ പുറത്ത് പോകും. രാവിലെയും വൈകുന്നേരവും ആ മൂലക്ക് മാത്രം ടെറസിന്റെ മുകളിൽ പോയി വെയിൽ കൊള്ളിക്കണമെന്നും ഫെമിന പറയുന്നുണ്ട്.
ഒരു വർഷം മുൻപാണ് ഹാജറയ്‌ക്ക് രോഗം കണ്ടെത്തിയത്. സ്തനത്തിൽ മാലിന്യം അടിഞ്ഞു കൂടിയതാണെന്നും അക്യുപങ്ചറിലൂടെ ഇത് പുറത്തേക്ക് തള്ളാമെന്നുമാണ് ഫെമിന ഹാജറയെ വിശ്വസിപ്പിച്ചിരുന്നത്. ഒടുവിൽ രോഗം മൂർച്ചിച്ചപ്പോഴാണ് ബന്ധുക്കൾ വിവരം അറിയുന്നത്.പിന്നീട് അലോപ്പതി ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് ഹാജറ. യുവതിയുടെ ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.















