ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വിരാഷ്‌ട്ര സന്ദർശനത്തിന് തുടക്കമായി. ജപ്പാനിലും ചൈനയിലുമാണ് പ്രധാനമന്ത്രി സന്ദർശനം നടത്തുന്നത്. ദ്വിദിന സന്ദർശനത്തിനായി ജപ്പാനിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള സ്വീകരണം നൽകി. ഗായത്രിമന്ത്രം ഉരുവിട്ടുകൊണ്ടാണ് ജപ്പാൻ പ്രധാനമന്ത്രിയെ വരവേറ്റത്.
ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിക്ക് വേണ്ടി കലാകാരന്മാർ ചേർന്ന് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. ദേശീയ പതാക വീശിയും മോദി കീ ജയ് വിളിച്ചും പ്രധാനമന്ത്രിയെ അവർ സ്വീകരിച്ചു.
ഉഭയകക്ഷി ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ജപ്പാൻ സന്ദർശനം. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന ഗാനാലാപനവും നൃത്താവിഷ്കാരങ്ങളും കോർത്തിണക്കിയ വിരുന്നാണ് ജപ്പാൻ മോദിക്ക് വേണ്ടി ഒരുക്കിയിരുന്നത്.
ദ്വിദിന സന്ദർശനവേളയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഇഷിബയുമായി മോദി കൂടിക്കാഴ്ച നടത്തും. ജപ്പാനും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള അവസരമാണ് തന്റെ ഈ സന്ദർശനമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കഴിഞ്ഞ 11 വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് പുരോഗതിയുണ്ടായിട്ടുണ്ടെന്നും സഹകരണത്തിന് പുതിയ ശക്തി പകരാനാണ് തങ്ങളുടെ നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജപ്പാൻ സന്ദർശനം പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 31-ന് പ്രധാനമന്ത്രി ചൈനയിലേക്ക് തിരിക്കും.















