കണ്ണൂർ: മട്ടന്നൂരിൽ അഞ്ച് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീൻ ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടു വരാന്തയിലെ ഗ്രിൽസിൽ ഘടിപ്പിച്ച മിനിയേച്ചർ ലൈറ്റിൽ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്.
അലങ്കാരത്തിന്റെ ഭാഗമായാണ് ഇരുമ്പ് കമ്പിയിൽ എൽഇഡി ബൾബുകൾ തൂക്കിയിട്ടത്. കുട്ടി ഗ്രിൽസിൽ കയറിയ ഉടൻ ഷോക്കേറ്റ് താഴെ വീഴുകയായിരുന്നു. നബിദിനത്തിന്റെ ഭാഗമായാണ് വീട് അലങ്കരിച്ചതെന്ന് വീട്ടുകാർ പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.















