ടോക്കിയോ: ജപ്പാൻ ഇന്ത്യയുടെ സുപ്രധാന പങ്കാളിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിദേശ നിക്ഷേപത്തിന് അനുയോജ്യമായ ഇടമാണ് ഇന്ത്യ, ഇവിടെ മൂലധനം വളരുകയല്ല, ഇരട്ടിയാകുകയാണെന്നും ഇന്ത്യ- ജപ്പാൻ സാമ്പത്തിക ഫോറത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയുടെ തീരുവ സമ്മർദ്ദം ശക്തമായതിനിടെയുള്ള പ്രധാനമന്ത്രിയുടെ സന്ദർശനം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഗ്ലോബർ സൗത്തിനെ ശക്തീകരിക്കാനുള്ള ദൗത്യം ഇന്ത്യ ഏറ്റെടുത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു, ഇരുരാജ്യങ്ങളും ഒന്നിച്ചാൽ മേഖലയിൽ സമാധാനവും വികസനവും കൊണ്ടുവരാനാകും. ജപ്പാൻ സാങ്കേതിക വിദ്യയുടെ പവർഹൗസാണെങ്കിൽ ഭാരതം കഴിവുകളുടെ പവർഹൗസാണ്. ഇരുരാജ്യങ്ങളും സമ്മേളിക്കുമ്പോൾ വൻ മുന്നേറ്റം സാധ്യമാകും. മെട്രോ റെയിൽ മുതൽ സെമികണ്ടക്ടറുകൾ വരെ ജപ്പാൻ എല്ലായ്‌പ്പോഴും ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നിരവധി ജാപ്പനീസ് ബിസിനസ്സ് തലവൻമാരുമായുമുള്ള വ്യക്തിപരമായ ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് തീരുവ രാജ്യത്തിന്റെ വളർച്ചയ്‌ക്ക് തടസ്സമാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ‘ഇന്ത്യയിൽ നിർമിക്കുക, ലോകത്തിനായി നിർമിക്കുക’ എന്നതാണ് നയം. വൈകാതെ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
15-ാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേസമയം നരേന്ദ്രമോദിയുടെ സന്ദർശനത്തെ തുടർന്ന് നേരത്തെ തീരുമാനിച്ച അമേരിക്കൻ സന്ദർശനം ജപ്പാൻ പ്രതിനിധി റദ്ദാക്കി. അമേരിക്കയുമായി വ്യാപാര കരാറിലേർപ്പെടാനായി തീരുമാനിച്ച യാത്രയാണ് റദ്ദാക്കിയത്. യുഎസിൽ ജപ്പാൻ നടത്തുന്ന 550 ബില്യൺ ഡോളറിന്റെ നിക്ഷേപ കരറിന് ഔദ്യോഗിക സ്ഥിരീകരണം നൽകുന്നതിനായാണ് പ്രതിനിധി യുഎസിലേക്ക് പുറപ്പെടാനിരുന്നത്.















