കണ്ണൂർ: വാടക വീട്ടിൽ വൻ സ്ഫോടനം. ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചുവെന്നാണ് വിവരം. കണ്ണപുരം കീഴറയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഒരാളുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തി. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹം. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വീട് പൂർണമായും തകർന്നു. പൊലീസും ബോംബ് സ്ക്വാഡും എത്തി പരിശോധന നടത്തിവരികയാണ്. ഉഗ്ര ശബ്ദത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടമുണ്ടായിട്ടുണ്ട്. വീടുകളിലെ ജനൽ ചില്ലുകൾ തകർന്ന നിലയിലാണ്. വീടിനുള്ളിൽ നിന്ന് നിരവധി സ്ഫോടക വസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്. എന്നാൽ രാത്രി മാത്രം വന്ന് പോവുകയാണ് ചെയ്തിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ശബ്ദം കേട്ടാണ് വീടീന് സമീപത്തേക്ക് വന്നതെന്നും വിവിധയിടങ്ങളിലായി ശരീരാവശിഷ്ടങ്ങൾ ചിന്നിചിതറിയ നിലയിലാണെന്നും സമീപവാസികൾ പ്രതികരിച്ചു.















