തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തെ തുടർന്നാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. ശനിയാഴ്ചയോടുകൂടി മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഓണക്കാലത്ത് സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് പുറത്തുവന്ന മുന്നറിയിപ്പുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നദികളിൽ ജലനിരപ്പ് ഉയരുന്നുണ്ട്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പ് നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഛത്തീസ്ഗഢിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. ഇതിന്റെ പരിണത ഫലമായാണ് കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ പെയ്യുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് വിവരം. കർണാടക തീരത്ത് നാളെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാം തീയതി വരെ തെക്കൻ ഗുജറാത്ത് തീരം, വടക്കൻ ഗുജറാത്ത് തീരം, കൊങ്കൺ, ഗോവ, മദ്ധ്യകിഴക്കൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.















