വാഷിംങ്ടൺ : ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങൾക്കുമേൽ തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് യുഎസിലെ അപ്പീൽ കോടതി. മറ്റ് രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയത് നിയമവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് പ്രകാരം ഇത് തെറ്റാണെന്നും കോടതി പ്രസ്താവിച്ചു. വാഷിംങ്ടൺ ഡിസിയിലെ യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദി ഫെഡറൽ സർക്യൂട്ടിന്റേതാണ് വിധി.
യുഎസ് പ്രസിഡന്റ് എന്ന അധികാരമുണ്ടെങ്കിലും ആ അധികാരങ്ങൾ ഉപയോഗിച്ച് തീരുവ ചുമത്താൻ സാധിക്കില്ലെന്നും വർദ്ധിപ്പിച്ച തീരുവകൾ വ്യാപാര ചർച്ചകൾക്കായും മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കാനും ട്രംപ് ഉപയോഗിച്ചെന്നും കോടതി കണ്ടെത്തി.
കോടതിവിധിക്ക് പിന്നാലെ വിമർശനങ്ങളുമായി ട്രംപ് രംഗത്തെത്തി. കോടതിയുടെ പ്രസ്താവനകൾ തെറ്റാണെന്നും തീരുവകൾ ഒഴിവാക്കണമെന്ന് അപ്പീൽ കോടതി തെറ്റായി പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പ്രതികരിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. തീരുവകൾ ഒഴിവാക്കിയാൽ അത് അമേരിക്കയ്‌ക്ക് ദുരന്തമായി തീരുമെന്നും അമേരിക്കയെ സാമ്പത്തികമായി തളർത്തുമെന്നും ട്രംപ് പറഞ്ഞു.















