കണ്ണൂർ: വീടിനുള്ളിൽ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് വീട് വാടകയ്‌ക്കെടുത്തയാൾക്കെതിരെ കേസെടുത്തു. കണ്ണൂർ അലവിൽ സ്വദേശിയായ അനൂപ് മാലികിനെതിരെയാണ് കേസെടുത്തത്. ഇയാൾക്ക് കോൺഗ്രസുമായി ബന്ധമുണ്ടെന്നാണ് വിവരം. അനൂപ് മാലിക്കിന്റെ രാഷ്‌ട്രീയം പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
ഉത്സവങ്ങൾക്കുൾപ്പെടെ പടക്കമെത്തിക്കുന്ന ആളാണ് അനൂപ്. ഇയാളുടെ തൊഴിലാളിയായ
ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. 2016-ലെ പൊടിക്കുണ്ട് സ്ഫോടനക്കേസ് ഉൾപ്പെടെ പല കേസുകളിലെയും പ്രതിയാണ് അനൂപ്. സംഭവസമയത്ത് കിടന്നുറങ്ങുകയായിരുന്നു മുഹമ്മദ് ആഷാം. കെട്ടിടാവശിഷ്ഠങ്ങൾ ശരീരത്തിൽ വീണാണ് മരണം സംഭവിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അനൂപ് മാലിക്ക് നിലവിൽ ഒളിവിലാണ്. എക്സ്പ്ലോസീവ് ആക്ട് പ്രകാരമുള്ള ഏഴ് കേസുകളിലെ പ്രതിയാണ് ഇയാൾ.
ഒരു വർഷമായി അനൂപ് മാലികും മുഹമ്മദ് ആഷാമും ഇവിടെ വാടകയ്‌ക്ക് താമസിച്ചുവരികയാണ്. വീട്ടിൽ പടക്കനിർമാണം നടക്കാറുണ്ട്. ഉത്സവങ്ങൾക്ക് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടകവസ്തുക്കളാണ് വീട്ടിലുണ്ടായിരുന്നത്. സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നിട്ടുണ്ട്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വീട്ടിൽ സ്ഫോടനം നടന്നത്. അപകടത്തിൽ സമീപപ്രദേശത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്പെയർ പാർട്സ് ബിസിനസിനെന്ന് പറഞ്ഞാണ് അനൂപ് മാലികും സുഹൃത്തുക്കളും വീടെടുത്തത്.















