ന്യൂഡൽഹി: യുദ്ധങ്ങളിൽ ഡ്രോണുകളുടെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഭാരതത്തിന്റെ യുദ്ധനയത്തിൽ അവ ഉൾപ്പെടുത്തണമെന്നും വലിയ ഉപകരണങ്ങൾ പ്രവർത്തിക്കാൻ കഴിയാത്ത വിദൂരപ്രദേശങ്ങളിൽ പോലും ഡ്രോണുകൾ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ നടന്ന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
റഷ്യ-യുക്രെയിൻ സംഘർഷത്തിൽ പോലും ഡ്രോണുകളുടെ വലിയ തോതിലുള്ള ഉപയോഗം നമ്മൾ കണ്ടിട്ടുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ അവയുടെ പ്രാധാന്യം മനസിലാക്കുകയും സൈനിക നടപടികളിൽ അവ പ്രാവർത്തികമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഭാരതം ഇനി മറ്റൊരു രാജ്യത്തേക്കാളും പിന്നിലല്ല.
ഓപ്പറേഷൻ സിന്ദൂറിലൂടെ നിശ്ചയദാർഢ്യം, ധൈര്യം, ശാസ്ത്രം എന്നിവയുടെ ശക്തി പ്രകടമായിരുന്നു. ഈ മൂന്ന് കാര്യങ്ങൾ ഒത്തുച്ചേരുമ്പോൾ അസാദ്യമായത് പോലും സാധ്യമാകുമെന്ന് നമെല്ലാവരും കണ്ടു. വെറും 22 മിനിറ്റിനുള്ളിൽ ഇന്ത്യൻ സൈന്യം പാക് ഭീകരർക്കും അവരുടെ സംരക്ഷകർക്കും ശക്തമായ തിരിച്ചടി നൽകി.
ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ കഥ മാത്രമല്ല, രാജ്യത്തെ ശാസ്ത്രജ്ഞർ, വ്യവസായങ്ങൾ, യുവാക്കൾ എന്നിവയുടെ ആശയങ്ങൾ ഉൾക്കൊണ്ട ആത്മനിർഭർ ഭാരതത്തിന്റെ ഉദാഹരണം കൂടിയാണ്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഉപകരണങ്ങൾ വളരെ വേഗത്തിൽ സായുധസേന സ്വീകരിച്ചതിൽ എനിക്ക് വളരെയധികം അഭിമാനമുണ്ട്.
വെല്ലുവിളികളെ നേരിടുന്നതിനും ദേശീയ സുരക്ഷയുടെ ഭാവി രൂപപ്പെടുത്തുന്നതിലും ഡ്രോണുകളുടെ പങ്ക് നിർണായകമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.















