പാലക്കാട്: മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് ചിറ്റൂരാണ് സംഭവം. മീനാക്ഷിപുരം സ്വദേശികളായ പാർത്ഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും സമാനരീതിയിൽ മരിച്ചിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് കുഞ്ഞിന് പാല് കൊടുത്തത്. പിന്നീട് കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കുഞ്ഞിനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അതേസമയം, ആരോഗ്യപ്രവർത്തകർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ദമ്പതികൾ ഉയർത്തുന്നത്. ഗർഭകാലത്ത് തനിക്ക് ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് സംഗീത പറഞ്ഞു.
നെല്ലിമേടുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരം അറിയിച്ചിട്ടും വേണ്ട സഹായങ്ങൾ നൽകിയില്ലെന്നും സംഗീത ആരോപിച്ചു.















