ന്യൂഡൽഹി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ടിയാൻജനിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. യുഎസിന്റ് പ്രതികാര നടപടിയായ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷി ജിൻപിംങും മോദിയും തമ്മിൽ കൂടിക്കാഴ്ച നടത്തുന്നത്.
ഹസ്തദാനത്തോടെയും ആദരവോടെയുമാണ് ചർച്ചകൾ ആരംഭിച്ചത്. പരസ്പര വിശ്വാസവും ബഹുമാനവുമാണ് രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതെന്നും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഷി ജിൻപിംങിനോട് പറഞ്ഞു.
ഇന്ത്യ- ചൈന അതിർത്തി പ്രദേശങ്ങളിലെ സുരക്ഷയെ കുറിച്ചും മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രി ഷി ജിൻപിംങുമായി സംസാരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പുരോഗതിയെ കുറിച്ചും ചർച്ചകൾ നടന്നതായാണ് വിവരം.
ഇരുരാജ്യങ്ങളിലെയും കോടിക്കണക്കിന് ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ക്ഷേമത്തിന് വഴിയൊരുക്കുന്നതിനും ഈ ബന്ധം പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നല്ല അയൽക്കാരായിരിക്കുന്നതോടൊപ്പം നല്ല സുഹൃത്തുക്കളായിരിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് പ്രതികരിച്ചു.















