ബെയ്ജിംങ്: ഡ്രാഗണും ആനയും ഒരുമിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻപിംങിന്റെ പ്രതികരണം. ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയോടനുബന്ധിച്ചാണ് ഉഭയകക്ഷി ചർച്ചകൾ നടന്നത്.
“ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരുരാജ്യങ്ങളിലെയും ജനതയുടെയും ക്ഷേമം മെച്ചപ്പെടുത്തുക, വികസ്വര രാജ്യങ്ങളുടെ ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുകയും വേണം. നല്ല അയൽബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിന് വഴിയൊരുക്കണം. ഡ്രാഗണും ആനയും ഒന്നിക്കണമെന്നും” ഷി ജിൻപിംങ് പറഞ്ഞു.
ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ അതിർത്തി പ്രശ്നങ്ങൾ സംബന്ധിച്ച് പ്രത്യേക ചർച്ചകൾ നടന്നു. മാനസസരോവർ യാത്ര പുനരാരംഭിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാനസർവീസുകൾ ആരംഭിക്കുന്നതിനെ കുറിച്ചും ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ പ്രധാനമന്ത്രി ഷി ജിൻപിംങുമായി സംസാരിച്ചു.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി ടോക്കിയോയിൽ നിന്ന് ചൈനയിലെത്തിയത്. ഏഴ് വർഷത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ചൈന സന്ദർശനമാണിത്.















