ന്യൂഡൽഹി: പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ രണ്ട് തേജസ് മാർക്ക് -1 എ യുദ്ധവിമാനങ്ങൾ വരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച യുദ്ധവിമാനം സെപ്റ്റംബർ അവസാനത്തോടെ ആയിരിക്കും വ്യോമസേനയ്‌ക്ക് ലഭിക്കുക. പ്രതിരോധ സെക്രട്ടറി ആർ കെ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യൻ വ്യോമസേനയുടെ കഴിവുകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 97 തേജസ് ജെറ്റുകൾ കൂടി വാങ്ങുന്നതിനുള്ള പുതിയ കരാറിലും ഒപ്പുവയ്‌ക്കുമെന്ന് ആർ കെ സിംഗ് അറിയിച്ചു. സെപ്റ്റംബർ അവസാനത്തോടെ അവയിൽ ആദ്യ രണ്ടെണ്ണം വിതരണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യോമസേനയിൽ അവസാന പറക്കലിനൊരുങ്ങുന്ന മിഗ് 21 യുദ്ധവിമാനങ്ങൾക്ക് പകരമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് തേജസ് മാർക്ക്-1A. നിലവിൽ 38 തേജസ് ജെറ്റുകൾ പ്രവർത്തനക്ഷമമാണ്. കൂടുതൽ നിർമിക്കുന്നുണ്ട്. 2021-ൽ 83 തേജസ് ജെറ്റുകൾക്കായി കേന്ദ്ര സർക്കാർ കരാറിൽ ഒപ്പുവച്ചിരുന്നു. 48,000 കോടി രൂപയുടെ കരാറിലാണ് ഒപ്പുവച്ചത്. 67,000 കോടി രൂപ വിലമതിക്കുന്ന 97 തേജസ് യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.
രാജ്യത്തിന്റെ പ്രതിരോധതന്ത്രങ്ങളിലെ നിർണായക ഘടകമാണ് തേജസ് യുദ്ധവിമാനങ്ങൾ അറിയപ്പെടുന്നത്. വിദേശവിമാനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും ഒപ്പം വ്യോമപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.















