കൊച്ചി: മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നെന്നും, ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരില്‍ സ്വാധീനം ചെലുത്തി വളര്‍ന്നുവെന്നും, ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എറണാകുളത്ത് എസ് എൻ ഡി പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. ചെത്തുകാരനെ ആര്‍ക്കുംവേണ്ട. എന്നാല്‍, ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും അദ്ദേഹം പറഞ്ഞു.
” ‘ക’യില്‍ തുടങ്ങുന്ന കള്ള്, കൈത്തറി, കയര്‍, കശുവണ്ടി, കൃഷി തുടങ്ങിയ വ്യവസായങ്ങള്‍ക്കെല്ലാം കഷ്ടകാലമാണ്. അവയെല്ലാം ചെയ്യുന്നത് ഈഴവരാണ്. ഇത്തരത്തില്‍ ഈഴവര്‍ തുടങ്ങിവെച്ച എല്ലാ തൊഴില്‍മേഖലകളും കഷ്ടത്തില്‍നിന്ന് കഷ്ടത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. ഈഴവരെ സംരക്ഷിക്കാന്‍ ആരുമില്ല. ഉത്പാദനച്ചെലവ് പരിഹരിക്കാന്‍ സബ്‌സിഡി നല്‍കി നിലനിര്‍ത്താന്‍ ആരും ശ്രമിക്കുന്നില്ല. വാക്കുകളില്‍ മാത്രമേ സംരക്ഷണമുള്ളൂ. ഈഴവര്‍ എല്ലാവര്‍ക്കുംവേണ്ടി വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറി. മറ്റുള്ളവരെല്ലാം അധികാരത്തിന്റെ അകത്തളങ്ങളില്‍ക്കയറി സ്വന്തം സമുദായത്തെ വളര്‍ത്താനും ഉയര്‍ത്താനുമുള്ള നിയമങ്ങളും ചട്ടങ്ങളുമുണ്ടാക്കി”, വെള്ളാപ്പള്ളി പറഞ്ഞു.
തൊഴിലുറപ്പ് ജോലിക്കു പോകുന്നവരില്‍ ക്രിസ്ത്യാനിയോ നായരോ നമ്പൂരിയോ പുലയര്‍ പോലുമോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഈഴവരാണിന്ന് തൊഴിലുറപ്പിന് പോകുന്നത്. കാരണം, അതല്ലാതെ മാര്‍ഗമില്ലാത്ത അവസ്ഥയായിമാറി. മുസ്ലിങ്ങളും ക്രിസ്ത്യാനികളും സംഘടിച്ച് വളര്‍ന്നപ്പോള്‍ തളര്‍ന്നത് ഈഴവരാണ്. അതുകൊണ്ടാണ് നമുക്കിന്ന് ഉറപ്പുള്ള ഒറ്റക്കാര്യമായി തൊഴിലുറപ്പ് മാറിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പണ്ട് ചെത്തുകാരെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇന്നിപ്പോള്‍ അവരെ ആര്‍ക്കുംവേണ്ട. പക്ഷേ, ചെത്തുകാരന്റെ പണം എല്ലാവര്‍ക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചെത്തുകാരന്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത്. ഉള്ളത് വിറ്റുകളയുന്ന ദുരവസ്ഥയിലാണ് ഈഴവ സമുദായം. ഇവിടെ വോട്ടുബാങ്ക് രാഷ്‌ട്രീയവും അവസരവാദ രാഷ്‌ട്രീയവുമാണുള്ളത്. ഈഴവ സമുദായം തഴയപ്പെടുന്നു.
ഈഴവ സമുദായത്തിന്റെ കണ്ണീരൊപ്പാൻ ഒരു സോദരനെയും കാണുന്നില്ല. കോൺഗ്രസ്സിൽ ഒരു ഈഴവ എം എൽ എ മാത്രമേ ഉള്ളൂ. ആദർശ രാഷ്‌ട്രീയം മരിച്ചു. അതിനായി നിലകൊള്ളുമ്പോൾ തഴയപ്പെട്ടത് ഈഴവരാണ്. വോട്ട് ബാങ്കുള്ള സമുദായത്തെ പിന്തുണയ്‌ക്കാനും സ്ഥാനാർഥിയാക്കാനും ആളുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.















