ബെയ്ജിംഗ്: ചൈനയിൽ നടന്ന എസ് സി ഒ ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംങുമായി സൗഹൃദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. അസ്വാരസ്യങ്ങളും എതിർപ്പുകളും മാറ്റിവച്ച് ഒരുമിച്ച് ഒരുവേദിയിൽ നിന്ന് സംസാരിക്കുന്ന മുതിർന്ന നേതാക്കളുടെ വീഡിയോ പുറത്തുവന്നു. ചൈനയിൽ നടന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയാണ് അത്യപൂർവ നിമിഷത്തിന് വേദിയായത്.
ഏറെ നേരം മൂവരും സംസാരിക്കുകയും സൗഹൃദം പങ്കിടുകയും ചെയ്തു. ആലിംഗനം ചെയ്തും പരസ്പരം ഹസ്തദാനം നൽകിയും പുടിനും മോദിയും ഷിയും സ്നേഹം പങ്കുവച്ചു. ഷി ജിൻപിംങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എസ് സി ഒ ഉച്ചകോടി നമ്മുടെ അതിർത്തികളെ സൗഹൃദത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ബന്ധമാക്കി മാറ്റിയെന്നും രാജ്യത്തിന് പുറത്തുനിന്നുള്ള ഇടപെടലുകളെ എതിർക്കുന്നതിൽ ഐക്യത്തോടെ നിലകൊള്ളുന്നുവെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
Interactions in Tianjin continue! Exchanging perspectives with President Putin and President Xi during the SCO Summit. pic.twitter.com/K1eKVoHCvv
— Narendra Modi (@narendramodi) September 1, 2025
റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു. നാളെ നടക്കുന്ന സെഷനിൽ പ്രധാനമന്ത്രി പ്രസംഗിക്കും. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ തീരുമാനങ്ങൾ അദ്ദേഹം വിശദീകരിക്കും. ഇതിന് ശേഷമായിരിക്കും പുടിനുമായി കൂടിക്കാഴ്ച നടത്തുക.















