ന്യൂഡൽഹി: ഓണം ആഘോഷിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ജനം ടിവി സൗഹൃദവേദിക്കൊപ്പമാണ് രേഖ ഗുപ്ത ഓണം ആഘോഷിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൂക്കളവും തിരുവാതിരക്കളിയും ഗംഭീരമായി അരങ്ങേറി. പഞ്ചവാദ്യവും സദ്യയും ആഘോഷത്തിന്റെ മാറ്റുക്കൂട്ടി.
മുല്ലപ്പുചൂടി രേഖ ഗുപ്ത തിരുവാതിരക്കളിയിൽ പങ്കെടുത്തു. വടംവലിയിലും മുഖ്യമന്ത്രി പങ്കാളിയായി. ഓണം കേരളത്തിൽ മാത്രമല്ല, ലോകം മുഴുവനും ആഘോഷിക്കുകയാണെന്ന് രേഖ ഗുപ്ത പറഞ്ഞു. സംസ്കാരങ്ങളുടെയും ഉത്സവങ്ങളുടെയും സംഗമകേന്ദ്രമാണ് ഡൽഹി. എല്ലാ ഉത്സവങ്ങളെയും ഈ നഗരം സന്തോഷത്തോടുകൂടി സ്വീകരിക്കുന്നു. ഡൽഹിയുടെ വികസനയാത്രയിൽ ഒരു കുടുംബമായി പങ്കുചേരാമെന്നും രേഖ ഗുപ്ത പറഞ്ഞു. എല്ലാ മലയാളികൾക്കും അവർ ആശംസകൾ അറിയിക്കുകയും ചെയ്തു.
ജനംടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ് കുമാർ, എംഡി ചെങ്കൽ രാജശേഖരൻ നായർ, എക്സിക്യൂട്ടീവ് ഡയറക്ടർ സജീവൻ പറമ്പിൽ, ജനം ടിവി മെന്റർ എ ജയകുമാർ, ഡയറക്ടർ കെ ടി കൃഷ്ണകുമാർ, ജനം സൗഹൃദവേദി ഡൽഹി പ്രസിഡന്റ് എം ഡി ജയപ്രകാശ്, സെക്രട്ടറി ജി ശ്രീദത്തൻ തുടങ്ങിയവർ പങ്കെടുത്തു.















