കുവൈത്ത് സിറ്റി – കനത്ത ചൂടിനെ തുടർന്ന് കുവൈറ്റിൽ നടപ്പാക്കിയിരുന്ന പകൽസമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിച്ചു. ഇന്ന് മുതൽ തൊഴിൽ സമയം പതിവുപോലെ തുടരും. ജൂൺ ഒന്ന് മുതൽ ഓഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകുന്നേരം നാല് വരെ പുറംതൊഴിലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
തൊഴിലാളികളെ കഠിന ചൂടിൽ നിന്ന് സംരക്ഷിക്കാനാണ് നടപടി ലക്ഷ്യമിട്ടിരുന്നത്. ശരീരതളർച്ചയും നിർജലീകരണവും ഒഴിവാക്കാൻ വേണ്ടിയുമാണ് നിയന്ത്രണം നടപ്പിലാക്കിയത്. ബൈക്കുകളിൽ ഹോം ഡെലിവറി ഉൾപ്പെടെ നിർമാണ മേഖലയിലുമെല്ലാം കർശനമായ നിയന്ത്രണങ്ങൾ പ്രാബല്യത്തിലുണ്ടായിരുന്നു. നിയമം പാലിക്കുന്നതിനായി വ്യാപകമായ പരിശോധനകളും നടന്നു. ഇത്തവണ ഓഗസ്റ്റ് മധ്യത്തോടെ 64 ലംഘനങ്ങൾ കണ്ടെത്തിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി.
തൊഴില്‍ നിയന്ത്രണ കാലാവധി തീർന്നതോടെ കൺസ്യൂമർ ഓർഡർ ഡെലിവറി സ്ഥാപനങ്ങളുമായി ബന്ധമുള്ള മോട്ടോർസൈക്കിളുകൾക്ക് പകൽ സമയ പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകി. എന്നാല്‍ ഹൈവേകളിലും റിംഗ് റോഡുകളിലും വിലക്ക് തുടരും.
അടുത്ത ദിവസങ്ങളിൽ രാജ്യത്തെ താപനിലയിൽ കാര്യമായ ഇടിവുണ്ടാകുമെന്നാണ് പ്രവചനം. സെപ്റ്റംബർ ആദ്യവാരത്തോടെ ചൂട് ക്രമേണ 40 ഡിഗ്രി സെൽഷ്യസിന് താഴെയാകും. വരുന്ന ആഴ്ചകളിൽ മിതമായ വേനൽക്കാലാവസ്ഥയും രാത്രി ചൂട് കുറഞ്ഞുവരുന്ന പ്രവണതയുമാണ് പ്രതീക്ഷിക്കുന്നത്.













