ന്യൂഡൽഹി: 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി. ചൈനയും തുർക്കിയും ഉൾപ്പെടെയുള്ള അംഗരാജ്യങ്ങൾ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഭീകരരെ സംരക്ഷിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് ശക്തമായ ശിക്ഷ നൽകണമെന്ന് എസ് സി ഒ ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഭീകരവാദം, വിഘടനവാദം എന്നിവയ്‌ക്കെതിരെ പോരാട്ടം തുടരുമെന്ന് അംഗരാജ്യങ്ങൾ പ്രതിജ്ഞയെടുത്തു. ഭീകരരുടെ ഭീഷണികൾ നേരിടുന്നതിൽ സർക്കാരും അന്വേഷണ ഏജൻസികളും കൃത്യമായ ഇടപെടലുകൾ നടത്തണമെന്നും അംഗരാജ്യങ്ങൾ ചൂണ്ടിക്കാട്ടി.
ഗാസയ്‌ക്കെതിരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണവും ഗാസയിലെ ജനങ്ങളുടെ ദുരിതപൂർണമായ ജീവിതവും ഷാങ്ഹായ് ഉച്ചകോടിയിൽ ചർച്ച ചെയ്തു. പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിലും ലോകനേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു.
2025 മാർച്ച് 11-ന് പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിലും മെയ് 21-ന് ഖുസ്ദാറിലും നടന്ന ഭീകരാക്രമണങ്ങളെയും അംഗരാജ്യങ്ങൾ അപലപിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന എസ് സിഒ ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.















