തിരുവനന്തപുരം: ശബരിമല അയ്യപ്പസംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ശബരിമല യുവതി പ്രവേശന വിഷയം അടഞ്ഞ അദ്ധ്യായമല്ലെന്നും അങ്ങനെ പറഞ്ഞൊഴിയുന്ന സിപിഎം നേതൃത്വം അയ്യപ്പഭക്തരെ വീണ്ടും അപമാനിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അയ്യപ്പ ഭക്ത സംഗമത്തിന്റെ പേരിൽ ഭക്തരെ കബളിപ്പിക്കുന്നത് ഇനി വിലപോവില്ല. ദേവസ്വം ബോർഡും സർക്കാരും സിപിഎമ്മും ഇപ്പോൾ കാണിക്കുന്നത് ആത്മാർത്ഥമായ ശ്രമമല്ലെന്ന് വ്യക്തമാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള ഇത്തരം നീക്കങ്ങൾ മുതലെടുപ്പ് മാത്രമാണ്. സിപിഎമ്മിന്റെ അവസരവാദ രാഷ്‌ട്രീയം മുഴുവൻ ഹിന്ദു വിശ്വാസികൾക്കും മനസിലായിട്ടുണ്ട്.
പിണറായി സർക്കാരിന്റെ ഭൂതകാലം ഒരു വിശ്വാസിയും ഒരിക്കലും മറക്കില്ല. അയ്യപ്പഭക്തരുടെ മനസിൽ എന്നും ഉണങ്ങാത്ത മുറിവാണ് സിപിഎം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള സിപിഎമ്മിന്റെ തന്ത്രം മാത്രമാണ് ഇപ്പോഴത്തെ എല്ലാ പ്രസ്താവനകളും. പറയുന്ന വാക്കിനോട് സിപിഎമ്മിന് അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പമ്പയിലെ സമ്മേളനത്തിന് മുമ്പ് സുപ്രീംകോടതിയിൽ നൽകിയിരിക്കുന്ന ശബരിമലയിലെ ആചാരങ്ങൾക്കെതിരായ സത്യവാങ്മൂലം പിൻവലിക്കണം.
സിപിഎമ്മിന്റെ സഹായത്തോടെയാണ് ബിന്ദു അമ്മിണിയെയും കൂട്ടരെയും ശബരിമലയിൽ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തിയത്. സിപിഎം നേതാക്കളുടെ അക്കാലത്തെ വിദ്വേഷ പ്രസംഗങ്ങൾ അയ്യപ്പ വിശ്വാസികൾ മറക്കില്ല. പമ്പയിൽ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്നത് ഭക്തർക്കുവേണ്ടിയുള്ള സംഗമമല്ല, സിപിഎമ്മിന്റെ രാഷ്‌ട്രീയ മുതലെടുപ്പ് സംഗമം മാത്രമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.















