ന്യൂഡൽഹി: രാജ്യത്തെ പ്രതിരോധ മേഖല ശക്തമാക്കുന്നതിന്റെ ഭാഗമായി രണ്ട് തേജസ് യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി വ്യോമസേന. തേജസ് മാർക്ക് -1 എ യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് തീരുമാനം. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് യുദ്ധവിമാനങ്ങൾ നിർമിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ വിമാനങ്ങൾ എത്തുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്.
രാജ്യത്തിന്റെ വ്യോമ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. വ്യോമ പ്രതിരോധം, സമുദ്ര നിരീക്ഷണം, ആക്രമണ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് വേണ്ടി നിർമിച്ച അത്യാധുനിക യുദ്ധവിമാനമാണ് തേജസ് മാർക്ക് -1 എ.
ഇന്ത്യൻ വ്യോമസേനയ്‌ക്ക് ശക്തി പകരുന്നതിന് നിർണായകമാണ് ഈ യുദ്ധവിമാനങ്ങൾ. ഇന്ത്യൻ വ്യോമസേനയ്‌ക്ക് വേണ്ടി 67,000 കോടി രൂപ വിലമതിക്കുന്ന 97 ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് മാർക്ക് 1 എ യുദ്ധവിമാനം കൂടി വാങ്ങാൻ കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ആത്മനിർഭർ ഭാരതത്തിന്റെ പുതിയ ചുവടുവയ്പ്പ് കൂടിയാണിത്.















