തിരുവനന്തപുരം: സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടിയില്‍ പങ്കെടുക്കാൻ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും വി ശിവന്‍കുട്ടിയും ഗവര്‍ണറെ രാജ്ഭവനിലെത്തി ക്ഷണിച്ചു.ഓണക്കോടിയും ഗവർണ്ണർക്ക് സമർപ്പിച്ചു. പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ഇവരെ അറിയിച്ചു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ ഐഎഎസും മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ നേരത്തേ പലവിഷയങ്ങളിലും വിയോജിപ്പുകളുണ്ടായിരുന്നു. ഇതിനിടെയാണ് പതിവുരീതിയനുസരിച്ച് ഓണം വാരാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിനായി ഗവര്‍ണറെ തന്നെ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. ഓണം വാരാഘോഷത്തിന് ഗവര്‍ണറെ ക്ഷണിക്കാത്തത് സംബന്ധിച്ച് വിവാദം ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ക്ക് ഓണക്കോടി കൈമാറിയെന്നും ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുത്ത് ഓണം ഘോഷയാത്രയുടെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുമെന്ന് അറിയിച്ചതായും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
ഈ മാസം മൂന്നു മുതല്‍ ഒമ്പത് വരെയാണ് ഓണം വാരാഘോഷം. നാളെ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയനാണ് ആഘോഷങ്ങള്‍ ഉദ്‌ഘാടനം ചെയ്യുക. സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, തമിഴ് നടന്‍ ജയം രവി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.















