ന്യൂഡൽഹി: തീരുവ യുദ്ധത്തിൽ ട്രംപിന് വീണ്ടും തിരിച്ചടി. ഭാരതത്തിലേക്ക് അയക്കുന്ന അസംസ്കൃത എണ്ണയുടെ വിലയിൽ റഷ്യ വീണ്ടും കുറവ് വരുത്തി. ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെയാണ് കിഴിവ് നൽകിയിരിക്കുന്നത്. സെപ്റ്റംബർ അവസാനവും ഒക്ടോബറിലും നടക്കുന്ന ഇറക്കുമതിക്ക് പുതിയ നിരക്ക് ബാധകമാകും.
ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ വിലക്കിഴവ് കാര്യമായ സ്വാധീനം ചെലുത്തുമെന്ന് റഷ്യ കണക്കാക്കുന്നു. 2022 മുതലാണ് ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിലിനെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയത്. അതുവരെ ഒരു ശതമാനത്തിൽ താഴെയായിരുന്നു ഇറക്കുമതി. നിലവിൽ അത് 40% ആയി ഉയർന്നു.
2024–25 ൽ പ്രതിദിനം 5.4 ദശലക്ഷം ബാരൽ എണ്ണയാണ് റഷ്യയിൽ നിന്നും ഇന്ത്യയിൽ എത്തുന്നത്. മോസ്കോയുമായുള്ള എണ്ണ വ്യാപാരം അന്താരാഷ്‌ട്ര നിയമങ്ങളെല്ലാം പാലിച്ചു കൊണ്ടാണെന്ന് ന്യൂഡൽഹി വ്യക്തമാക്കിയിരുന്നു.















