ന്യൂഡൽഹി: ഈജിപ്തിൽ നടക്കുന്ന ബ്രൈറ്റ് സ്റ്റാർ 2025 നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ത്രികാന്ത് ഈജിപ്തിലെ അലക്സാൻട്രിയയിൽ നങ്കൂരമിട്ടു. മെഡിറ്ററേനിയൻ കടലിലേക്കാണ് വിന്യാസം നടത്തുക. ഇന്ത്യൻ കരസേനയിൽ നിന്നും നാവികസേനയിൽ നിന്നും നിരവധി സൈനികർ അഭ്യാസത്തിൽ പങ്കെടുക്കും.
വ്യോമ, കര, കടൽ മാർഗങ്ങളിലൂടെയുള്ള അഭ്യാസമാണ് ബ്രൈറ്റ് സ്റ്റാർ 2025. പ്രാദേശിക ഇടങ്ങളിലെ സഹകരണവും സുരക്ഷയും പ്രോത്സാഹിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അഭ്യാസപ്രകടനം സംഘടിപ്പിക്കുന്നത്. ഭീഷണികൾ ഇല്ലാതാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾ നേരിടുന്നതിനും ഇത് സഹായകമാണ്.
യുഎസ്, ഈജിപ്ത്, ഇന്ത്യ എന്നീ രാജ്യങ്ങളെ കൂടാതെ സൗദി അറേബ്യ, ഖത്തർ, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ സേനകളും അഭ്യാസത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുകയും ചെയ്യും.
റഷ്യയിലെ റാന്തർ കപ്പൽ ശാലയിലാണ് ത്രികാന്ത് കപ്പൽ നിർമിച്ചത്. 2013-ലാണ് ഇന്ത്യൻ നാവികസേന കപ്പൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.















