ഇന്ന് ചിങ്ങമാസത്തിലെ ഉത്രാടം നാൾ. ഈ ദിവസമാണ് മലയാളികൾ ഒന്നാം ഓണമായി ആഘോഷിക്കുന്നത്. അത്തം മുതൽ ഒരുക്കുന്ന ഓണപ്പൂക്കളത്തിൽ തുമ്പപ്പൂവാണ് ഉത്രാടദിനത്തിലെ താരം. ഓണത്തിനുള്ള അവസാന ഒരുക്കങ്ങളാണ് ഇന്ന് നടക്കുക.
തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കും. ഓണസാധനങ്ങളും ഓണക്കോടിയും വാങ്ങാനുള്ള മലയാളികളുടെ തിരക്കുകളിലൂടെയാണ് ഓരോ ഉത്രാടവും കടന്നുപോകുന്നത്. ഓണത്തിന്റെ ആഘോഷവും ആവേശവും നിറഞ്ഞുനിൽക്കുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം റോഡിലേക്ക് ഒഴുകുന്നത്.
അടുക്കളയിലെ ഉത്സവം എന്നാണ് ഉത്രാടനാളിനെ വിശേഷിപ്പിക്കുന്നത്. മരിച്ചീനിയും വാഴക്കയും വറുക്കുന്ന ദിവസമാണ് ഉത്രാടംനാൾ. ഏത്തയ്‌ക്ക് അക്കാലത്ത് വില കൂടിയ വിഭവമായിരുന്നു. ഇതിനായി പണം സമ്പാദിച്ചുവയ്‌ക്കും. ഓണത്തിന് വേണ്ടിയുള്ള കരുതലായാണ് പണം ശേഖരിച്ചുവയ്‌ക്കുന്നത്. ഉത്രാടരാത്രിയിൽ മുഴുവനും അച്ചാറും ഉപ്പേരിയും തയാറാക്കുന്നതിന്റെ തിരക്കിലായിരിക്കും വീട്ടമ്മമാർ.















