പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്‌ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരേതയായ അമ്മയെയും അധിക്ഷേപിച്ച ആർജെഡി, കോൺഗ്രസ് പ്രവർത്തകർക്കെതിരെ പ്രതിഷേധിച്ച് ബിഹാറിലെ എൻഡിഎ. പ്രതിഷേധത്തിന്റെ ഭാഗമായി ബിഹാറിൽ അഞ്ച് മണിക്കൂറോളം ബന്ദ് നടത്തും. എൻഡിഎയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണി മുതൽ ഉച്ചവരെയാണ് ബന്ദ് സംഘടിപ്പിക്കുന്നത്. അടിയന്തര സേവനങ്ങളെ ബന്ദ് ബാധിക്കില്ലെന്ന് എൻഡിഎ നേതൃത്വം അറിയിച്ചു.
പ്രതിപക്ഷ നേതാക്കളുടെ അധിക്ഷേപകരമായ പരാമർശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് ബിജെപി ബിഹാർ അദ്ധ്യക്ഷൻ ദിലീപ് ജയ്സ്വാൾ പറഞ്ഞു. എല്ലാ അമ്മമാരെയും അപമാനിക്കുന്നതാണ് അവരുടെ പരാമർശം. സംഭവത്തിൽ പ്രതിഷേധിക്കുക എന്നതാണ് ബന്ദിന്റെ ഉദ്ദേശ്യമെന്നും പൊതുജനങ്ങൾക്ക് അസൗകര്യങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ എൻഡിഎ നേതാക്കൾ ശക്തമായി അപലപിച്ചു. ഇത് മോദിയുടെ അമ്മയെ മാത്രമല്ല, എല്ലാ അമ്മമാരെയും അധിക്ഷേപിക്കുന്ന പരാമർശമാണ്. അപമാനകരമായ വാക്കുകളാണിതെന്ന് ദിലീപ് ജയ്സ്വാൾ പറഞ്ഞു.
അന്തരിച്ച തന്റെ അമ്മയെ പൊതുവേദിയിൽ അപമാനിച്ചത് വളരെയധികം വേദനിപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത അമ്മയെ ഇതിലേക്ക് വലിച്ചിഴച്ചത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















