കൊല്ലം: കെഎസ്ആർടിസി ബസും എസ് യുവിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. കൊല്ലം ദേശീയപാതയിൽ വലിയകുളങ്ങരയിലാണ് അപകടമുണ്ടായത്. കെഎസ്ആർടി ഫാസ്റ്റ് പാസഞ്ചറും എസ് യുവിയുമാണ് കൂട്ടിയിടിച്ചത്. എസ് യുവിയിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് പേരാണ് മരിച്ചത്. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൈപ്പ്മുക്ക് സ്വദേശികളായ തോമസ്, മക്കളായ അൽക്ക, അതുൽ എന്നിവരാണ് മരിച്ചത്. പ്രിൻസിന്റെ ഭാര്യ ബിന്ദു മകൾ ഐശ്വര്യ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വലിയകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് വച്ച് രാവിലെ ആറ് മണിക്കാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കുടുംബം സഞ്ചരിച്ചിരുന്ന എസ് യുവി പൂർണമായും തകർന്നു. കരുനാഗപ്പള്ളിയിൽ നിന്ന് ചേർത്തലയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് എതിർഭാഗത്ത് നിന്ന് വരികയായിരുന്ന എസ് യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.















