ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി കൗൺസിൽ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജിഎസ്ടി കുറച്ചത് ചരിത്രപരമായ തീരുമാനമാണെന്നും ദരിദ്രർക്കും കർഷകർക്കും ഈ പരിഷ്കാരങ്ങൾ ആശ്വാസം നൽകുമെന്നും അമിത് ഷാ പറഞ്ഞു.
ജിഎസ്ടി നിരക്ക് കുറയ്‌ക്കലിലൂടെയും പരിഷ്കാരങ്ങളിലൂടെയും ജിഎസ്ടി കൗൺസിൽ സ്വീകരിച്ച നടപടി ദരിദ്രർക്കും കർഷകർക്കും ഇടത്തരം സംരംഭകർക്കും സ്ത്രീകൾക്കും ആശ്വാസം നൽകുമെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.
“സാധാരണപൗരന്മാർക്ക് ഈ തീരുമാനം ഏറെ ഗുണം ചെയ്യുന്നു. സാധാരണക്കാരുടെ ജീവിത സാഹചര്യവും മെച്ചപ്പെടുത്തുന്നു. പ്രത്യേകിച്ച് ചെറുകിട വ്യാപാരികൾക്കും സംരംഭകർക്കും ബിസിനസ് ചെയ്യുന്നതിന് എളുപ്പവും പുരോഗതി ഉണ്ടാക്കുകയും ചെയ്യുമെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് ശേഷമാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്. രാത്രി പത്ത് മണിക്ക് ശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ വാർത്താസമ്മേളത്തിലാണ് ഇക്കാര്യം അറിയിച്ചത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാർ പ്രധാനമന്ത്രിയെയും നിർമല സീതാരാമനെയും പ്രശംസിച്ചു.















