ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ പരിഷ്കാരം എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ജിഎസ്ടിയിലെ മാറ്റങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
നവരാത്രിയുടെ ആദ്യ ദിവസം മുതൽ ജിഎസ്ടി ഇളവിന്റെ പ്രയോജനം ആളുകൾക്ക് ലഭിക്കാൻ തുടങ്ങും. ഇത്തവണ ധന്തേരസ് കൂടുതൽ ഊർജ്ജസ്വലമായിരിക്കും. കാലോചിതമായ മാറ്റങ്ങളില്ലാതെ, നിലവിലെ ആഗോള സാഹചര്യത്തിൽ നമ്മുടെ രാജ്യത്തിന് അർഹമായ സ്ഥാനം ഉറപ്പിക്കാൻ കഴിയില്ല. ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നതിന് ഇത്തരം പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടത് അത്യാവശ്യമാണ്, അദ്ദേഹം ഡൽഹിയിൽ നടന്ന പരിപാടിയിൽ പറഞ്ഞു.
ലളിതമായ നികുതി സമ്പ്രദായം, പൗരന്മാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം, ഉപഭോഗവും വിപണിയുടെ വളർച്ചയും, കൂടുതൽ നിക്ഷേപവും തൊഴിലവരങ്ങളും, ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്, ഫെഡറലിസം ശക്തിപ്പെടുത്തൽ, തുടങ്ങി ‘പഞ്ചരത്ന’ എന്ന സമ്പദ് വ്യവസ്ഥയുടെ തത്വത്തിൽ ഊന്നിയാണ് ജിഎസ്ടി പരിഷ്കരണം നടപ്പാക്കിയത്.
പ്രതിപക്ഷമായ കോൺഗ്രസിനെയും പ്രധാനമന്ത്രി കടന്നാക്രമിച്ചു. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ, നിത്യോപയോഗ സാധനങ്ങൾ മുതൽ ഭക്ഷണം, മരുന്ന് എന്നിവയ്‌ക്കടക്കം വൻ നികുതിയാണ് ചുമത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് 15 ന് ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ നികുതി ഇളവ് സംബന്ധിച്ച സൂചനകൾ പ്രധാനമന്ത്രി നൽകിയിരുന്നു. ജിഎസ്ടി കൗൺസിൽ പ്രഖ്യാപിച്ച പരിഷ്ക്കരണ പ്രകാരം ഭക്ഷണം, മരുന്നുകൾ, അവശ്യവസ്തുക്കൾ, കാർഷികോൽപ്പന്നങ്ങൾ, ഹരിത ഊർജ്ജം, ചെറു കാറുകൾ, ബൈക്കുകൾ തുടങ്ങി നിരവധി ഇനങ്ങളുടെ നികുതിയാണ് വെട്ടികുറച്ചത്.















