തിരുവനന്തപുരം: മലയാള സിനിമയുടെ ഭാവാഭിനയ ചക്രവർത്തി നടൻ മധുവിന് ഓണാശംസ നേരാനായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ എത്തി. ഗവര്‍ണറും ഭാര്യ അനഘ ആര്‍ലേക്കറും ചെറുമകന്‍ ശ്രീഹരിയും ഓണക്കോടിയുമായാണ് മധുവിന് ഓണാശംസ നേരാനെത്തിയത്. ഒപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു .
സാത്ത് ഹിന്ദുസ്ഥാനി എന്ന ഹിന്ദി സിനിമയില്‍ അമിതാഭ് ബച്ചനോടൊപ്പം മധു അഭിനയിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞത് ഗവര്‍ണര്‍ അത്ഭുതത്തോടെ കേട്ടു. ബച്ചന്റെ ആദ്യ സിനിമയാണ് സാത് ഹിന്ദുസ്ഥാനിയെന്ന് മധുവും പറഞ്ഞു.
വൈകിട്ട് നാലരയോടെയാണ് ഓണാശംസകള്‍ നേരാന്‍ ഗവര്‍ണര്‍ കുടുംബസമേതം സുരേഷ് ഗോപിയെയും കൂട്ടി കണ്ണമ്മൂലയിലെ വീട്ടിലെത്തിയത്. മധുവിന്റെ മകള്‍ ഡോ. ഉമ ജെ. നായരും ഭര്‍ത്താവ് കൃഷ്ണകുമാറും ചേര്‍ന്ന് ഗവര്‍ണറെയും കേന്ദ്രമന്ത്രിയെയും സ്വീകരിച്ചു. ഗവര്‍ണര്‍ ഓണക്കോടിയും ഓണസമ്മാനവും മധുവിന് സമർപ്പിച്ചു. സുരേഷ് ഗോപി ഷാള്‍ അണിയിച്ച് ഓണക്കോടി സമ്മാനിച്ചു.
ഓണത്തിന്റെ പുണ്യദിനത്തില്‍ കേരളത്തിന്റെ പ്രിയനടന്‍ മധുവിനെ കാണാനും കുറച്ചുസമയം ചെലവഴിക്കാനും സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറും കുടുംബവും എന്നെ കാണാന്‍ വരുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ലെന്നും അദ്ദേഹം വന്നതില്‍ വളരെ നന്ദിയുണ്ടെന്നും മധു പ്രതികരിച്ചു.















