തിരുവനന്തപുരം : ഐശ്വര്യത്തിന്റെയും സമ്പദ് സമൃദ്ധിയുടെയും ഓർമ്മകളും പുത്തൻ പ്രതീക്ഷകളും പൂക്കളവും പൂവിളിയുമായി ഇന്ന് പൊന്നോണം . നാടെങ്ങും ആവേശത്തിമിർപ്പിലാണ്. ഇന്നലെ വൈകുന്നേരത്തോടെ വീടുകളിൽ ഓണസദ്യക്കുള്ള അവസാന വട്ട ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു.
ലോകത്തെവിടെയാണെങ്കിലും മലയാളിക്ക് ഒത്തുചേരലിന്റെ അവസരം കൂടിയാണ് ഓണദിനങ്ങൾ.ഗ്രാമങ്ങളിൽ ദേശം വിട്ട് പുറത്തേക്ക് പോയ ധാരാളം പേർ ഓണം ആഘോഷിക്കാൻ തിരികെ എത്തിയിട്ടുണ്ട്.
റോഡുകളിൽ വാഹനങ്ങളുടെ എണ്ണം തീരെ കുറവാണ്. ഏതാണ്ടെല്ലാവരും തന്നെ ഇന്നലെയേ കൂടണഞ്ഞു കഴിഞ്ഞു.രാവിലെ
പൂക്കളമൊരുക്കിക്കഴിഞ്ഞു.
ഇനി ഓണസദ്യയ്‌ക്കുളള കാത്തിരിപ്പാണ് . നാക്കിലയിൽ വിളമ്പുന്ന വിഭവങ്ങൾ ഓരോ മലയാളിയുടെയും മനസും കൂടിയാണ് നിറയ്‌ക്കുന്നത്. വീടുകളിലും ഗ്രാമങ്ങളിലെ ചെറിയ കൂട്ടായ്മകളിലും സദ്യക്ക് ശേഷം ഓണക്കളികൾ ഉണ്ടാകാറുണ്ട്. ഒത്തുചേരലിന്റെ ആവേശവും ആരവമായി ഓണം കൊട്ടി തീരും.
പിന്നെ മൂന്നാം ഓണം എന്ന അവിട്ടവും, നാലാം ഓണം എന്ന ചതയവും ആണ്. ആ ദിവസങ്ങളിൽ ബന്ധു മിത്രാദികളുടെ വീടുകളിലേക്കുള്ള യാത്രകളിൽ ആയിരിക്കും മിക്കവാറും. അങ്ങിനെ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല കാലത്തെക്കുറിച്ചുള്ള പ്രതീക്ഷയുമായി ഈ ഓണക്കാലവും മറയും.















