മധുര: മധുര മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന്റെയും ഉപക്ഷേത്രങ്ങളുടെയും ഉടമസ്ഥതയിലുള്ള സ്വത്തുക്കളെയും അവയില്‍ നിന്നുള്ള വരുമാനത്തെയും കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍ഡോവ്‌മെന്റ് വകുപ്പിനോട് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉത്തരവിട്ടു.
ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും ക്ഷേത്രത്തിന്റെയും ഉപക്ഷേത്രങ്ങളുടെയും സ്വത്തുക്കൾ സംരക്ഷിക്കാനും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സേലത്തെ എ രാധാകൃഷ്ണൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ അനിത സുമന്ത്, സി കുമരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് വിശദാംശങ്ങൾ തേടിയത്.
തമിഴ്നാട് ചീഫ് സെക്രട്ടറി എല്ലാ വകുപ്പ് മേധാവികളുമായും കൂടിയാലോചനാ യോഗം നടത്തണമെന്നും ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ സംരക്ഷിക്കുന്നതിന് മാർഗ്ഗനിർദ്ദേശങ്ങളും ചട്ടങ്ങളും രൂപീകരിക്കണമെന്നും 2021-ൽ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതനുസരിച്ച് 2021 ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു യോഗം ചേർന്നിരുന്നു . അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ എല്ലാ വകുപ്പ് ഉദ്യോഗസ്ഥരോടും ചീഫ് സെക്രട്ടറി ഉത്തരവിട്ടു. പക്ഷെ ആരും റിപ്പോർട്ട് സമർപ്പിച്ചില്ല. അതിനുശേഷം യോഗവും നടന്നില്ല. ഇതുമൂലം ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ തിരിച്ചടി ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു അവലോകന യോഗം ചേരണം. ഇതുസംബന്ധിച്ച സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട് ഉദ്യോഗസ്ഥർ സർക്കാരിന് സമർപ്പിക്കണം. മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹർജിയിൽ പറയുന്നു.
ജസ്റ്റിസുമാരായ അനിത സുമന്ത്, സി. കുമരപ്പൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തുടർന്ന് “മീനാക്ഷി അമ്മൻ ക്ഷേത്രത്തിന്റെ സ്വത്തുക്കൾ എവിടെയാണ്, അതിന്റെ ഉപക്ഷേത്രങ്ങളുടെ വിശദാംശങ്ങൾ, അവയ്‌ക്ക് അവകാശപ്പെട്ട സ്വത്തുക്കൾ എവിടെയാണ്. ഇവയിൽ നിന്ന് എത്ര വരുമാനം ലഭിക്കുന്നു? വരുമാനം എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, സ്വത്തുക്കളിൽ എന്തെങ്കിലും കൈയേറ്റങ്ങൾ ഉണ്ടോ, ഉണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്, റവന്യൂ വകുപ്പിന്റെ രേഖകൾ പ്രകാരം സ്വത്തുക്കളുടെ വിശദാംശങ്ങൾ ശരിയാണോ എന്നിവ സംബന്ധിച്ച റിപ്പോർട്ട് ഒക്ടോബർ 7-ന് മുമ്പ് എൻഡോവ്‌മെന്റ് ആൻഡ് ചാരിറ്റീസ് വകുപ്പ് സമർപ്പിക്കണം.” എന്ന് കോടതി ഉത്തരവിട്ടു.















