ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസിൽ ലോറിയുടമ മനാഫിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്എടി മനാഫിന് നോട്ടീസ് നൽകിയിരുന്നു. മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. സഹകരിക്കാത്ത പക്ഷം ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഓണത്തിന്റെ പേര് പറഞ്ഞ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ എസ്എടി തീരുമാനിച്ചത്.
പത്തിലേറെ ഗുരുതരമായ വകുപ്പുകൾ ധർമ്മസ്ഥല വ്യാജ വെളിപ്പടുത്തൽ കേസി ചുമത്തിയിട്ടുള്ളത്. വ്യാജരേഖ ചമയ്‌ക്കൽ, ചമച്ച വ്യാജരേഖ ഉപയോഗപ്പെടുത്തൽ, വ്യാജമൊഴി തുടങ്ങിവ ഇതിലുൾപ്പെടും. ഭാവിയിൽ എൻഐഎ അന്വേഷണം ഏറ്റെടുക്കുകയാണെങ്കിൽ ആ സമയത്തും മനാഫിന് താൻ നൽകിയ മൊഴിയിൽ ഉറച്ചുനിൽക്കേണ്ടതായും വരും. മൊഴി തെറ്റാണെന്ന് തെളിഞ്ഞാൽ ക്രിമിനൽ നടപടികളായിരിക്കും മനാഫിനെ കാത്തിരിക്കുക.
നോട്ടീസ് ലഭിച്ചതിന് പിന്നാലെ രാജ്യവിരുദ്ധതയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സോറസ് ഫണ്ട് കൈപ്പറ്റുന്നു എന്ന് ആരോപിക്കപ്പെടുന്ന ‘ന്യൂസ് മിനിറ്റി’ന്റെ വീഡിയോയുടെ ഒരു ഭാഗവുമായി മനാഫ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ തന്റെ യൂട്യൂബ് ചാനലിലൂടെ ധർമ്മസ്ഥല അപ്ഡേറ്റുകൾ പുറത്തുവിട്ടിരുന്ന മനാഫിന്റെ മുഖത്ത് ഇപ്പോൾ ആശങ്ക നിഴലിക്കുന്നുണ്ട്.
വ്യാജ വെളിപ്പെടുത്തൽ കേസിൽ യൂട്യൂബർ ടി. ജയന്ത്, ഗീരീഷ് മട്ടന്നവർ, അഭിഷേക്, വിശാല ഗൗഡ എന്നിവരെ വെള്ളിയാഴ്ച മുതൽ എസ്എടി സംഘം ചോദ്യം ചെയ്യുകയാണ്. ക്ഷേത്ര നഗരിയെ തകർക്കാനുള്ള ഗൂഢാലോടനയിൽ ഇവരുടെ പങ്കാണ് എസ്എടി തേടുന്നത്. ഇവരിൽ നിന്നും ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ നിർണ്ണായകമാകും. മനാഫിനെ ഇവരുടെ കൂടെയിരുത്തി കാര്യമായി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.
ജയന്തിന് സഹായത്തോടെയാണ് മനാഫ് ധർമ്മസ്ഥലയിൽ നിന്നും വീഡിയോ ചെയ്തിരുന്നത്. മകളെ കാണാനില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയ സുജാത ഭട്ടുമായി അടുത്ത ബന്ധമുണ്ടെന്ന് മനാഫ് തന്നെ ചാനൽ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറുകണക്കിന് യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന് ശുചികരണ തൊഴിലാളിയുടെ വ്യാജ വെളിപ്പെടുത്തലിന് പിന്നാലെ മനാഫ് ധർമ്മസ്ഥലയെ കുറിച്ച് നിരവധി വീഡിയോകൾ ചെയ്തിരുന്നു. ധ ർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചയിൽ സജീവമായിരുന്നു മനാഫ്. ധർമ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാൾ നല്കിയിരുന്നത്. കുഴിച്ച് മൂടി എന്ന് അവകാശപ്പെട്ടിരുന്ന പ്ലോട്ട് അടക്കം കാണിച്ചായിരുന്നു ഇയാളുടെ ലൈവ് വീഡിയോകൾ.
മനാഫാണ് കേരളത്തിൽ നിന്നും പോയ മാദ്ധ്യമ പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കി നൽകിയത്. നിരവധി യൂട്യൂബ് ചാനലുകളെയും വലിയ തുക നൽകി ഇയാൾ ധർമ്മസ്ഥലയിലേക്ക് കൊണ്ട് പോയിരുന്നു.















