ന്യൂഡൽഹി: റഷ്യ- യുക്രെയിൻ യുദ്ധത്തെ കുറിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ഇരുവരും ചർച്ച ചെയ്തു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനെ കേന്ദ്രീകരിച്ചും ചർച്ച നടന്നു.
മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചയെ കുറിച്ച് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുമെന്നും യുക്രെയിൻ-റഷ്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു.
ആഗോള സമാധാനം വളർത്തിയെടുക്കുന്നതിന് ഇന്ത്യ-ഫ്രാൻസ് പങ്കാളിത്തം കൂടുതൽ ശക്തമാക്കും. അടുത്തിടെ യൂറോപ്യൻ നേതാക്കളുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ യുദ്ധം അവസാനിപ്പിക്കുന്നതും ലോകരാജ്യങ്ങളിൽ സമാധാനം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്തതായാണ് വിവരം.















