തിരുവനന്തപുരം: ജില്ലയിലെ ഓണം വാരാഘോഷത്തിന്റെ സമാപനച്ചടങ്ങിനോടനുബന്ധിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര വരുന്ന ഒമ്പതിനാണ് നടക്കുന്നത്. ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്‌ച്ച ഉച്ചയ്‌ക്ക് ശേഷം (9-09-2025) തിരുവനന്തപുരം നഗരത്തിലെ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നെ ഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ട് പ്രകാരം അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച് കിഴക്കേകോട്ടയിൽ അവസാനിക്കുന്നതാണ് ഓണം വാരാഘോഷ സമാപനഘോഷയാത്ര. ചൊവ്വാഴ്ച വൈകിട്ട് നാല് മണിക്ക് വെള്ളയമ്പലത്തെ മാനവീയം വീഥിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ഫ്ലാഗ് ഓഫ് ചെയ്യും. ആയിരത്തിലധികം കലാകാരന്മാർ അവതരിപ്പിക്കുന്ന സാംസ്‌കാരിക കലാരൂപങ്ങളുടെ അകമ്പടിയോടെ അറുപതോളം ഫ്‌ളോട്ടുകൾ ഘോഷയാത്രയിൽ അണിനിരക്കും.















