ന്യൂഡൽഹി: ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് നാളെ. പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാജ്യസഭാ സെക്രട്ടറി ജനറൽ പി സി മോദിയാണ് റിട്ടേണിംഗ് ഓഫീസർ. ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ് വോട്ടർമാർ.
എൻഡിഎയ്‌ക്ക് വേണ്ടി മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാർത്ഥിയായി സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയും ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് മത്സരിക്കും. തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻഡിഎ എംപിമാർ ഇന്ന് യോഗം ചേരും.
783 എംപിമാരിൽ എൻഡിഎയ്‌ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരുമാണുള്ളത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി എംപിമാർക്ക് ബിജെപി പരിശീലനം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയും പരിശീലനത്തിന്റെ ഭാഗമായിരുന്നു. സമൂഹമാദ്ധ്യമ ഉപയോഗം, പാർലമെന്റിലെ നടപടിക്രമങ്ങൾ എന്നിവയിലും പരിശീലനം നൽകി.
എംപിമാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ നൽകാനുള്ള വേദി കൂടിയായിരുന്നു ഈ യോഗം.















